വിശ്വാസമല്ലേ എല്ലാം..., രാജസ്ഥാനെ രക്ഷിച്ച സഞ്ജുവിന്റെ അചഞ്ചലത

ഐപിഎല്ലിന്റെ യുഎഇ ലെഗ്ഗില്‍ പഞ്ചാബ് കിംഗ്‌സിനുമേല്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയ അത്ഭുത ജയം സഞ്ജു സാംസണ്‍ എന്ന നായകന്റെ തൊപ്പിയിലെ പൊന്‍തൂവലായി. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന മത്സരം സമ്മാനിച്ചാണ് സഞ്ജുവും സംഘവും കളംവിട്ടത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ ചേസിംഗില്‍ ഭൂരിഭാഗം സമയവും പഞ്ചാബ് ടീമിന്റെ ആധിപത്യമായിരുന്നു. അപ്പോഴൊന്നും സഞ്ജുവിലെ ക്യാപ്റ്റന്‍ കുലുങ്ങിയില്ല. അവസാന നിമിഷംവരെ വിജയ പ്രതീക്ഷ കൈവിടാതെ തലയുയര്‍ത്തി നിന്ന സഞ്ജു ഒരുക്കിയ കെണിയില്‍ കിങ്‌സ് വീണെന്നു പറയാം.

ദുബായിയിലെ കളത്തില്‍ താരതമ്യേന മികച്ചൊരു സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയ റോയല്‍സിന് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. സഞ്ജു കൃത്യമായി ഫീല്‍ഡ് സെറ്റ് ചെയ്‌തെങ്കിലും പവര്‍ പ്ലേയില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ പലകുറി കൈവിട്ട റോയല്‍സ് ഫീല്‍ഡര്‍മാര്‍ നായകനെ ഒട്ടും പിന്തുണച്ചില്ല. മായങ്കിനൊപ്പം വലിയ സഖ്യം തീര്‍ത്തശേഷമാണ് രാഹുല്‍ മടങ്ങിയത്. വിശ്വസനീയനായ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് നിയന്ത്രണില്ലാത്ത ബൗളിംഗിലൂടെ റണ്‍സ് വഴങ്ങിയതും സഞ്ജുവിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. എങ്കിലും സമചിത്തത കൈവിടാത്ത ക്യാപ്റ്റനായി സഞ്ജു നിലകൊണ്ടു.

രാഹുലും മായങ്കും പുറത്തായശേഷം റയാന്‍ പരാഗിനെ പരീക്ഷിച്ചതാണ് സഞ്ജുവിനെ പറ്റിയ പിഴവ്. പക്ഷേ, ഏറ്റവും മൂര്‍ച്ചയുള്ള ആയുധങ്ങളെ കളിയുടെ അന്ത്യ സമയത്തേക്ക് കരുതിവച്ച സഞ്ജു കുശാഗ്രബുദ്ധിയുള്ള നായകനാണെന്ന് തെളിയിച്ചു. ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിക്കുന്ന ക്യാപ്റ്റനെയും സഞ്ജുവില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു. മുസ്താഫിസുര്‍ റഹ്‌മാനും കാര്‍ത്തിക് ത്യാഗിയും എറിഞ്ഞ അവസാന ഓവറുകളില്‍ മാത്രമാണ് പഞ്ചാബ് കിങ്‌സിന്റെ നിലതെറ്റിയത്. മുസ്താഫിസുറും ത്യാഗിയും യോര്‍ക്കറുകള്‍ക്കും ബാറ്റ്‌സ്മാന് എത്തിപ്പിടിക്കാന്‍ ആയാസമുള്ള ഫുള്‍ലെങ്ത് പന്തുകള്‍ക്കുമാണ് ശ്രമിച്ചത്. ഫുള്‍ടോസും ലെങ്ത് ബോളുമൊക്കെ വീണുകിട്ടിയെങ്കിലും നിക്കോളസ് പൂരനും എയ്ദന്‍ മര്‍ക്രാമിനുമൊന്നും മുതലെടുക്കാന്‍ സാധിച്ചില്ല.

എം.എസ്. ധോണിയുടെ പാത പിന്തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍മാരായ നിരവധി ക്യാപ്റ്റന്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നുവന്നുകഴിഞ്ഞു. സഞ്ജുവിന് കീഴില്‍ റോയല്‍സ് നേടിയ ജയത്തിന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ നേടിയ ചില ത്രസിപ്പിക്കുന്ന വിജയങ്ങളുടെ ഛായയുണ്ട്. കൈവിട്ട മത്സരം തിരിച്ചുപിടിക്കാനുള്ള ചങ്കുറപ്പ് കാട്ടിയ റോയല്‍സ് ടൂര്‍ണമെന്റില്‍ ഇനിയും കുതിപ്പ് തുടര്‍ന്നാല്‍ അതിശയിക്കേണ്ടതില്ല.

Read more