ഡുപ്ലെസിയുടെ തലച്ചോറിന് ക്ഷതം, ചില കാര്യങ്ങള്‍ മറന്നു പോയി

പി.എസ്.എല്‍ ടി20 ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രി വിട്ടു. താന്‍ ആശുപത്രിയില്‍ നിന്ന് തിരികെ എത്തിയെന്നും ഉടന്‍ തന്നെ കളിക്കളത്തില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം ട്വിറ്ററില്‍ കുറിച്ചു.

“സന്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു. ഞാന്‍ തിരികെ ഹോട്ടലിലെത്തി സുഖം പ്രാപിക്കുകയാണ്. തലച്ചോറിന് ക്ഷതം പറ്റിയിട്ടുണ്ട്. ചില കാര്യങ്ങള്‍ മറന്നുപോയിട്ടുണ്ട്. പക്ഷേ, ഞാന്‍ സുഖം പ്രാപിക്കും. ഉടന്‍ തന്നെ കളിക്കളത്തില്‍ തിരികെ എത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു” ഡുപ്ലെസി കുറിച്ചു.

ഫീല്‍ഡിംഗിനിടെ സഹതാരം മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിച്ചാണു താരത്തിന് പരിക്കേറ്റത്. ബൗണ്ടറി തടയാന്‍ ഡൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹസ്നൈനിന്റെ കാല്‍മുട്ട് ഡുപ്ലെസിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ബൗണ്ടറിക്ക് അരികില്‍ വീണ താരത്തെ ഉടന്‍ തന്നെ അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടക്കുന്നത്. പാകിസ്ഥാനില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവച്ച മത്സരങ്ങള്‍ പിന്നീട് യു.എ.ഇയിലേക്കു മാറ്റുകയായിരുന്നു. ഈ മാസം 9 നാണ് മത്സരങ്ങള്‍ പുനരാരംഭിച്ചത്.