ടി20 ലോക കപ്പ് വിജയിയെ പ്രവചിച്ച് ഡുപ്ലെസി; ആ ടീം ദക്ഷിണാഫ്രിക്കയല്ല

ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോക കപ്പിലെ ഫേവറിറ്റുകളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്സ്മാന്‍ ഫാഫ് ഡുപ്ലെസി. സ്വന്തം ടീമായ ദക്ഷിണാഫ്രിക്കയെ പോലും തിരഞ്ഞെടുക്കാതെ വെസ്റ്റന്‍ഡീസിനാണ് ഡുപ്ലെസി ഏറെ കിരീട സാധ്യത കല്‍പ്പിച്ചിരിക്കുന്നത്.

“ടി20യില്‍ എല്ലാ ടീമുകള്‍ക്കും യഥാര്‍ത്ഥത്തില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. കരുത്തും പരിചയസമ്പത്തും ഉള്ളവര്‍ക്ക് നേരിയ മുന്‍തൂക്കം ലഭിക്കും. സാധ്യതയില്‍ ഞാന്‍ ഒന്നാം സ്ഥാനം നല്‍കുന്നത് വെസ്റ്റിന്‍ഡീസിനാണ്. അവരുടെ സുപ്രധാന താരങ്ങളെല്ലാം ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മൂന്നാം ടി20 ലോക കിരീടം സ്വന്തമാക്കാനുള്ള ശ്രമം അവര്‍ ശക്തമായി തന്നെ നടത്തും.”

“വിരാട് കോഹ്ലി ക്യാപ്റ്റനായ ഇന്ത്യ കരുത്തരുടെ സംഘമാണ്. പരിചയ സമ്പത്തും എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ പ്രതിഭകളുട സംഘം. എല്ലാ മേഖലകളും കവര്‍ ചെയ്യാന്‍ കഴിയുന്ന ടീമാണ് ഇന്ത്യയുടേത്. മികച്ച റിസ്റ്റ് സ്പിന്നര്‍മാര്‍, മികച്ച പേസര്‍മാര്‍, ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിയുന്നവര്‍, സ്ഫോടനാത്മക ബാറ്റിംഗ് നടത്താന്‍ ശേഷിയുള്ള താരങ്ങള്‍. ഇതെല്ലാം ഇന്ത്യയുടെ കരുത്താണ്. ഇംഗ്ലണ്ട് മികച്ച ഏകദിന ടീമാണ്. എന്നാല്‍ എന്റെ ഫേവറിറ്റുകള്‍ വെസ്റ്റിന്‍ഡീസും ഇന്ത്യയുമാണ്” ഡുപ്ലെസി പറഞ്ഞു.

Read more

യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരിക്കും ടി20 ലോക കപ്പ് മല്‍സരങ്ങള്‍ നടക്കുക. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് സാഹചര്യത്തില്‍ യു.എ.ഇയിലേക്ക് പറിച്ച് നട്ടിരിക്കുകയാണ്. യു.എ.ഇ വേദിയാകുമെങ്കിലും ആതിഥേയത്വ പദവി ഇന്ത്യയ്ക്ക് തന്നെയാവും. ഒക്ടോബര്‍ അവസാന വാരമാണ് ടി20 ലോക കപ്പിനു തുടക്കമാവം.