തോളില്‍ തട്ടിയ പന്തില്‍ സച്ചിന്‍ എല്‍.ബി.ഡബ്ല്യു; ആ തീരുമാനത്തില്‍ അഭിമാനിക്കുന്നെന്ന് ഡാരില്‍ ഹാര്‍പ്പര്‍

വെസ്റ്റിന്‍ഡീസുകാരന്‍ സ്റ്റീവ് ബക്നറെന്ന അമ്പയറെ ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയുള്ള പക്ഷപാതപരമായ തീരുമാനങ്ങളിലൂടെ എന്നും ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായിരുന്നു ബക്നര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു പലപ്പോഴും ബക്നറുടെ അമ്പയറിംഗ് പിഴവുകളുടെ ഏറ്റവും വലിയ ഇര. അത്തരത്തില്‍ സച്ചിന്റെ കാര്യമെടുക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരാളാണ് മുന്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ ഡാരില്‍ ഹാര്‍പ്പര്‍. തോളില്‍ തട്ടിയ പന്ത് എല്‍ബിഡബ്ല്യു വിളിച്ച് സച്ചിനെ പുറത്താക്കിയ അമ്പയര്‍.

ഏറെ വിവാദമായ ആ വിക്കറ്റ് വിളിച്ചത് തെറ്റായിപ്പോയെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നാണ് ഹാര്‍പ്പര്‍ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹാര്‍പ്പര്‍ അന്നത്തെ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് തുറന്നുപറഞ്ഞത്. ഭയമോ പക്ഷപാതമോ ഇല്ലാതെ അത് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നെന്നും ഹാര്‍പ്പര്‍ പറയുന്നുി.

Applied the law without fear or favour: Australian umpire Daryl ...

“എല്ലാ ദിവസവും അന്നത്തെ ആ തീരുമാനത്തെ കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്. എന്നാല്‍ അതെന്റെ ഉറക്കം കെടുത്തുകയോ ദുഃസ്വപ്നങ്ങള്‍ കാണിക്കുകയോ എപ്പോഴും തലച്ചോറിലൂടെ ഓടിക്കളിക്കുകയോ ഒന്നും ചെയ്യാറില്ല. ആ സംഭവത്തിന്റെ ഒരു ചിത്രം ഇന്നും എന്റെ ഗാരേജിലുണ്ട്. ഇന്നും ഞാന്‍ അന്നത്തെ ആ തീരുമാനത്തില്‍ അഭിമാനിക്കുന്നു. കാരണം പേടിയോ പക്ഷപാതമോ ഇല്ലാതെയാണ് ഞാനന്ന് ആ എല്‍.ബി.ഡബ്ല്യു വിധിച്ചത്.” ഹാര്‍പ്പര്‍ പറഞ്ഞു.

Daryl Harper opens up on Sachin

1999-ലെ അഡ് ലെയ്ഡ് ടെസ്റ്റിലാണ് തോളിലിടിച്ച ഗ്ലെന്‍ മഗ്രാത്തിന്റെ പന്തില്‍ സച്ചിനെ എല്‍.ബി.ഡബ്ല്യു വിധിച്ച് ഹാര്‍പ്പര്‍ പുറത്താക്കിയത്. മത്സരത്തിലെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ തകരുന്നതിനിടെയാണ് തോളിലിടിച്ച പന്തില്‍ ഹാര്‍പ്പര്‍ സച്ചിനെ പുറത്താക്കിയത്. ബൗണ്‍സറെന്ന് കരുതിയ മഗ്രാത്തിന്റെ പന്തില്‍ ഒഴിഞ്ഞു മാറാന്‍ കുനിഞ്ഞ സച്ചിന്റെ തോളില്‍ പന്ത് തട്ടുകയായിരുന്നു. ഓസീസ് താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തതോടെ ഹാര്‍പ്പര്‍ ഔട്ട് വിധിക്കുകയും ചെയ്തു.