വിചിത്ര ആക്ഷനില്‍ പകച്ച് ബാറ്റ്സ്മാന്‍മാര്‍, ഞെട്ടിച്ച് അശ്വിന്‍ വീണ്ടും

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ വിചിത്ര ബൗളിംഗ് ആക്ഷനുമായി ആര്‍ അശ്വിന്‍ വീണ്ടും. ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും തമ്മിലെ മത്സരത്തിലാണ് ഡിണ്ടിഗല്‍ നായകന്‍ കൂടിയായ അശ്വിന്‍ വിചിത്ര ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ അവസാന ഓവറില്‍ മധുരയ്ക്ക് ജയിക്കാന്‍ 32 റണ്‍സ് വേണ്ട സമയത്തായിരുന്നു ബലൂണ്‍ ബോളുമായി അശ്വിന്‍ വീണ്ടുമെത്തിയത്.

ശരീരത്തിന് പിന്നില്‍ പന്ത് മറച്ച് പിടിച്ച് കൊണ്ട് ഓടി വന്ന അശ്വിന്‍ ഫ്‌ളൈറ്റ് ബോള്‍ എറിയുകയായിരുന്നു. പതിയെ വന്ന ഈ ഫ്‌ളൈറ്റഡ് പന്ത് ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കി. ആ പന്തില്‍ കൃത്യമായ ടൈമിംഗ് കണ്ടെത്തുന്നതില്‍ ബാറ്റ്‌സ്മാന്‍ പരാജയപ്പെട്ടു. അങ്ങനെ മധുരൈ താരം ലോംഗ് ഓഫില്‍ ഡിണ്ടിഗല്‍ ഫീല്‍ഡറുടെ കൈകളില്‍ ഒതുങ്ങി. വിചിത്ര പന്തില്‍ അശ്വിന് വിക്കറ്റ്. ആ കാഴ്ച കാണാം

മത്സരത്തില്‍ അവസാന ഓവറില്‍ രണ്ടു റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ടു നല്‍കിയത്. രണ്ടു വിക്കറ്റും താരം നേടുകയുണ്ടായി. മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ ജയം. സീസണില്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

നേരത്തെ ആദ്യ മത്സരത്തിലും അശ്വിന്‍ ബലൂണ്‍ ബോള്‍ പരീക്ഷിച്ചിരുന്നു.