ഇന്ത്യന്‍ ടി20 ടീമില്‍ നിന്നുള്ള മാറ്റിനിര്‍ത്തല്‍; ഐ.പി.എല്ലിന് രോഹിത് എത്തുക രണ്ടും കല്‍പ്പിച്ച്, മുന്നറിയിപ്പ്

ഇത്തവണത്തെ ടി20 ലോകകപ്പ് നഷ്ടപ്പെട്ടതോടെ വരുന്ന ലോകകപ്പിലേക്കായി പുതുനിരയെ അണിനിരത്തിയുള്ള തയാറെടുപ്പുകള്‍ തുടങ്ങി വെച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇതിന്റെ ഭാഗമായി രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി തുടങ്ങിയ താരങ്ങള്‍ ഇതിനോടകം ടി20 ഫോര്‍മാറ്റില്‍നിന്ന് പുറത്തായി കഴിഞ്ഞു. ഇവരെ മാറ്റിനിര്‍ത്തിയാണ് ഇന്ത്യ നിലവില്‍ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ടി20 ഫോര്‍മാറ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും ടീമിലേക്ക് തിരിച്ച് വരുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് രോഹിത് ശര്‍മ്മ.

എല്ലാ ഫോര്‍മാറ്റും തുടര്‍ച്ചയായി കളിക്കുന്നത് അസാധ്യമാണ്. താരങ്ങള്‍ക്കു വിശ്രമം നല്‍കേണ്ടി വരും. ഇനി നടക്കാനുള്ളത് ന്യൂസീലന്‍ഡിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ്. ഐപിഎലിനു ശേഷം എന്താണു സംഭവിക്കുന്നതെന്നു നോക്കാം. ടി20 ഫോര്‍മാറ്റ് ഉപേക്ഷിക്കാന്‍ എനിക്കു പദ്ധതികളില്ല- രോഹിത് പറഞ്ഞു.

രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടക്കമുള്ളവര്‍ ഇനി മുതല്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പ്ലാനിന്റെ ഭാഗമാകില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായി ക്രിക്കറ്റ് ലോകത്തുണ്ട്. ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ച് ഒരു പ്രതികരണം നടത്തുകയും ചെയ്തു.  പരിശീലകന്‍ രാഹുല്‍‌ ദ്രാവിഡും ഇത് ശരിവയ്ക്കുകയുണ്ടായി.

ഇംഗ്ലണ്ടിനെതിരെ അവസാനമായി ടി20 ലോകകപ്പ് സെമിയില്‍ കളിച്ച ടീമിലെ മൂന്നോ നാലോ പേര്‍ മാത്രമാണിപ്പോള്‍ നിലവിലെ ടി20 ഇലവനിലുള്ളത്.  കഴിഞ്ഞ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നവരില്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ മാത്രമാണ് നിലവില്‍ ഇന്ത്യന്‍ ടി20 ടീമിലുള്ളത്.