രോഹിത്തിനെ ഓപ്പണറാക്കിയാല്‍ ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ട്; തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയുടെ ഓപ്പണറാക്കുമെന്ന പ്രഖ്യാനം കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. ഏകദിന ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ ഫോം തന്നെയാണ് ഇതിന് കാരണവും. സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയ താരങ്ങളും ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത് മുന്‍ ഇന്ത്യന്‍ താരം നയന്‍ മോംഗിയ എത്തിയിരിക്കുന്നു.

രോഹിത്തിനെ ടെസ്റ്റിലും ഓപ്പണറാക്കിയുള്ള പരീക്ഷണം വിജയിക്കില്ലെന്നാണ് മോംഗിയ പറയുന്നത്. ടെസ്റ്റ് ഓപ്പണര്‍ എന്നത് ഒരു പ്രത്യേകതയുള്ള ജോലിയാണെന്നും മോംഗിയ പറയുന്നു.

വിക്കറ്റ് കീപ്പിംഗ് പോലെ പ്രത്യേക സ്വഭാവമുള്ള ജോലിയാണ് ഓപ്പണറുടേതും. പരിമിത ഓവര്‍ മത്സരങ്ങളില്‍ രോഹിത് നമ്മുടെ സ്ഥിരം ഓപ്പണറാണ് എന്നത് ശരിയാണ്. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ മനോഭാവമാണ് വേണ്ടത്. ടെസ്റ്റ് ക്രിക്കറ്റിന്റെ രീതികള്‍ക്കനുസരിച്ച് രോഹിത് സ്വന്തം ശൈലി മാറ്റുന്നത് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം തന്റെ സ്വാഭാവികമായ കളിയോടു നീതി പുലര്‍ത്തട്ടെ. ശൈലി മാറ്റാന്‍ ശ്രമിച്ചാല്‍ ഏകദിന, ട്വന്റി20 മത്സരങ്ങളിലെ അദ്ദേഹത്തിന്റെ മികവിനെയും അതു ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയേറെയാണ്” മോംഗിയ വ്യക്തമാക്കുന്നു.

കെ.എല്‍ രാഹുല്‍ മോശം ഫോം തുടരുന്നതാണ് രോഹിതിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. 2018 ജൂലൈക്ക് ശേഷം കളിച്ച 10 ഇന്നിംഗ്സുകളില്‍ 25 ശരാശരിയില്‍ 228 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്.