ഓരോ ക്രിക്കറ്റ് പ്രേമിയും മനസ്സില്‍ പറയുന്നു, 'ഇന്ത്യന്‍ ക്രിക്കറ്റ് സൂര്യയോട് മാപ്പ് പറയണം'

അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ കൊണ്ട് മൈതാനത്തെ പുരപ്പറമ്പാക്കുന്ന 2 സെന്‍സേഷനുകളാണ് ഈഡനിലെ ഇന്നത്തെ വൈകുന്നേരത്തെ ത്രസിപ്പിച്ചത്. 14 ഓവറില്‍ 93 റണ്‍സിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ടീമിനെ എത്ര പെട്ടെന്നാണ് സൂര്യയും വെങ്കിയും ഒരു വലിയ സ്‌കോറിലെത്തിച്ചത്

10 ആം ഓവറില്‍ ക്രീസിലെത്തി 20 ആം ഓവറില്‍ അര്‍ധ സെഞ്ചുറിയിലെത്തിയ സൂര്യയുടെ ഡ്രെക്ക്‌സിനെതിരായ സ്‌ക്വയര്‍ ലെഗിലേക്കുള്ള സ്‌കൂപ്പ് സ്വീപ്പ് ഷോട്ട് തന്നെയാണ് മാച്ചിലെ മനോഹര നിമിഷം. ഇന്ത്യന്‍ ക്രിക്കറ്റ് സൂര്യയോട് മാപ്പ് പറയണം എന്ന് ഓരോ ക്രിക്കറ്റ് പ്രേമിയും പറയുന്ന തരത്തില്‍ അയാള്‍ വളരുകയാണ്. കുറഞ്ഞത് 4 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ കരിയര്‍ നഷ്ടപ്പെട്ട സൂര്യയുടെ ഓരോ ഇന്നിങ്ങ്‌സുകളും ടീമിന് അത്രത്തോളം ഗുണകരമാകുന്നതിനായി കാണാം.

നേരിടുന്ന ആദ്യ പന്തു മുതല്‍ ഇന്നിങ്ങ്‌സിലുടനീളം ടീമിന് ഭാരമാകാതെ കളിക്കുന്ന അപൂര്‍വ കളിക്കാരന്‍ എന്നത് തന്നെ സൂര്യയുടെ വ്യത്യസ്ത. 31 പന്തില്‍ 7 സിക്‌സര്‍ നേടിയ സൂര്യ അടിച്ചത് ഒരേയൊരു ഫോര്‍ മാത്രം

വെങ്കിടേഷ് അയ്യറും സമകാലിക ക്രിക്കറ്റിലെ വ്യത്യസ്തനാണ് .കിട്ടുന്ന അവസരങ്ങള്‍ നേട്ടമാക്കാനാകാതെ പോകുന്ന വലിയ താരങ്ങള്‍ക്കിടയില്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ അയാള്‍ ഓരോ മാച്ചിലും അവിഭാജ്യ ഘടകമാകുന്നു. സീരീസിലെ 3 മാച്ചുകളിലും വെങ്കി നല്‍കിയ സ്പാര്‍ക്കിനോളം മറ്റെന്തുണ്ട്

14 ഓവറില്‍ 93 റണ്‍സെടുത്ത ടീമിനെ അടുത്ത 6 ഓവറില്‍ 92 റണ്‍ കൂട്ടിച്ചേര്‍ത്ത മറക്കാനാകാത്ത ഒരൊന്നാന്തരം കൂട്ടുകെട്ട്. അവസരങ്ങള്‍ കൈകള്‍ നീട്ടി സ്വീകരിക്കുന്ന വ്യത്യസ്തരാണ് ഇന്നത്തെ ഹീറോകള്‍.