ബി.സി.സി.ഐ കളത്തിലിറങ്ങി; കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട്

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയോടെ നടക്കാന്‍ പോകുന്ന കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ ഇംഗ്ലീഷ് താരങ്ങള്‍ പങ്കെടുക്കില്ല. ടൂര്‍ണമെന്റിനെ പരസ്യമായി എതിര്‍ത്ത് ബി.സി.സി.ഐ രംഗത്തു വന്നതിന് പിന്നാലെയാണ് ഇംഗ്ലീഷ് ബോര്‍ഡും ടൂര്‍ണമെന്റില്‍ നിന്ന്‌വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബി.സി.സി.ഐ ഒഫീഷ്യല്‍മാരിലൊരാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീര്‍ പ്രീമിയര്‍ ലീഗ് അംഗീകരിക്കരുതെന്ന ആവശ്യവുമായി ബി.സി.സി.ഐ ഐ.സി.സിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ കാര്യത്തിലുള്ള അതൃപ്തി ഇന്ത്യന്‍ ബോര്‍ഡ് രേഖാമൂലം ഐ.സി.സിയെ അറിയിച്ചതായാണ് വിവരം. കാശ്മീര്‍ താഴ്വരയുടെ അവസ്ഥയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കവും ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐയുടെ പരാതി.

രാജ്യത്തിന്റെ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ഐസിസിക്ക് ഒരു പങ്കുമില്ല, കെ.പി.എല്ലിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. അതിനാല്‍ത്തന്നെ ഐ.സി.സിയ്ക്ക് ഇതില്‍ എന്ത് ചെയ്യാനാകുമെന്നത് ഒരു ചോദ്യമാണ്.

നേരത്തെ കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സ് രംഗത്ത് വന്നിരുന്നു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്താല്‍ തന്നെ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബി.സി.സി.ഐ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗിബ്സ് പറഞ്ഞത്.

Herschelle Gibbs Slams BCCI For Threatening Him Over Participating In  Kashmir Premier League - Cricfit

കശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നത്തിന്റെ ഇടയില്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പനേസറുടെ പിന്മാറ്റം.