വിസ്‌ഫോടനം, 25 പന്തില്‍ സെഞ്ച്വറിയുമായി ഇംഗ്ലീഷ് താരം

ടി10 മത്സരത്തില്‍ 25 പന്തില്‍ സെഞ്ച്വറി നേടി ഇംഗ്ലീഷ് താരം വിക് ജാക്‌സ്. ലാങ്കഷെയറിനെതിരെ നടന്ന ടി10 മത്സരത്തിനിടെയാണ് “സറെ” ടീമിനായി ഇരുപതുകാരന്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത്. മത്സരത്തില്‍ 30 പന്തില്‍ 105 റണ്‍സാണ് വിക് ജാക്‌സ് സ്വന്തമാക്കിയത്.

ഒരോവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയ വില്‍ ജാക്‌സ് എട്ട് ഫോറും 11 സിക്‌സറുകളുമാണ് ആകെ സ്വന്തമാക്കിയത്. ജാക്‌സിന്റെ കരുത്തില്‍ സറെ പത്ത് ഓവറില്‍ 176 റണ്‍സെടുത്തപ്പോള്‍, മറുപടിയായി 9 വിക്കറ്റിന് 81 റണ്‍സെടുക്കാനെ ലാങ്കഷെയറിന് കഴിഞ്ഞുള്ളു.

ഇന്ത്യ എക്കെതിരെ തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനായി കളത്തിലിറങ്ങിയിട്ടുണ്ട് വില്‍ ജാക്‌സ്.

അതെസമയം ബാറ്റിംഗ് വിസ്മയം തീര്‍ത്തെങ്കിലും ഔദ്യോഗിക സ്റ്റാറ്റസ് ലഭിക്കാത്ത മത്സരമായതിനാല്‍ റെക്കോഡ് ബുക്കില്‍ ഈ പ്രകടനം ഇടം പിടിക്കില്ല. 2013 ഐ.പി.എല്ലില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനായി 30 പന്തില്‍ നൂറ് തികച്ച ക്രിസ് ഗെയിലിന്റെ പേരിലാണ് നിലവിലെ വേഗം കൂടിയ പ്രൊഫഷനല്‍ സെഞ്ച്വറിയുടെ റെക്കോഡുള്ളത്.