ഞെട്ടിച്ച് വീണ്ടും ഇംഗ്ലണ്ട്, പാക് കൂറ്റന്‍ വിജയലക്ഷ്യം വീണ്ടും മറികടന്നു

പാകിസ്ഥാനെതിരായ നാലാം ഏകദിനത്തിലും കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് ഇംഗ്ലണ്ട്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് അവശേഷിക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരന്നു.

വെടിക്കെട്ട് സെഞ്ച്വറി നേടി ജസണ്‍ റോയിയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. പാക് താരം ബാബര്‍ അസമിന്റെ സെഞ്ച്വറി പാഴായി. ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പാകിസ്ഥാന്‍ നാണംകെടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബാബര്‍ അസം 115 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ഫഖര്‍ സമാനും (57) മുഹമ്മദ് ഹഫീസും (59) അസമിന് ഉറച്ച പിന്തുണ നല്‍കി. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ 340 റണ്‍സെടുത്തത്.

എന്നാല്‍ പാകിസ്ഥാന് അതേനാണയത്തില്‍ തിരിച്ചടിയാണ് ഇംഗ്ലണ്ട് നല്‍കിയത്. ജേസണ്‍ റോയ് 89 പന്തില്‍ 114 റണ്‍സ് നേടിയപ്പോള്‍, വിന്‍സ് 43 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ മത്സരം മുറുകിയപ്പോള്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റിംഗാണ് ആതിഥേയര്‍ക്ക് കരുത്തായത്. 64 പന്തില്‍ 71 റണ്‍സെടുത്ത സ്റ്റോക്ക്‌സ് പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് മത്സരത്തിലും പാകിസ്ഥാന്‍ മുന്നൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും വിജയിക്കാനായില്ല. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 374 റണ്‍സാണ് പാകിസ്ഥാന് വിജയലക്ഷ്യമായി നല്‍കിയത്. എന്നാല്‍ പാകിസ്ഥാന് 361 റണ്‍സെടുക്കാനെ ആയുളളു. മൂന്നാം ഏകദിനത്തില്‍ 359 റണ്‍സ് വിജയലക്ഷ്യം അഞ്ച് ഓവര്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.