അരങ്ങേറ്റം ഗംഭീരമാക്കി നിലയുറച്ച് കോണ്‍വേ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കമായുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന മികച്ച നിലയിലാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ (136*) പ്രകടനമാണ് ന്യൂസിലന്‍ഡിന് കരുത്തായത്.

ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസീലന്‍ഡിനായി ടോം ലാദവും (23) കോണ്‍വേയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് ചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ കെയിന്‍ വില്യംസണ്‍ 13 റണ്‍സെടുത്ത് പുറത്തായി. സീനിയര്‍ താരം റോസ് ടെയ്ലര്‍ 14 റണ്‍സെടുത്തും മടങ്ങി.

114 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ന്യൂസിലന്‍ഡിനെ നാലാം വിക്കറ്റില്‍ കോണ്‍വേയും നിക്കോള്‍സും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഹെന്‍ റി നിക്കോള്‍സാണ് 46* റണ്‍സുമായി ക്രീസിലുണ്ട്. 132 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയിരിക്കുന്നത്.

Image

Read more

ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന 12ാമത്തെ ന്യൂസീലന്‍ഡ് താരമാണ് കോണ്‍വെ. 240 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറിയുടെ അകമ്പടിയിലാണ് ക്രീസില്‍ തുടരുന്നത്. ഇംഗ്ലണ്ടിനായി റോബിന്‍സണ്‍ രണ്ടും ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റും വീഴ്ത്തി.