സഞ്ജുവിനെ വിട്ടൊഴിയാതെ നിര്‍ഭാഗ്യം, കണക്കൂകൂട്ടലുകള്‍ വീണ്ടും തെറ്റുന്നു

രാജ്യത്തെ കോവിഡ് സാഹചര്യം വഷളായതിനെ തുടര്‍ന്ന് ഐ.പി.എല്ലിന്റെ 14ാം സീസണ്‍ നിര്‍ത്തിയപ്പോള്‍ അത് ഏറെ അനുഗ്രഹമായത് രാജസ്ഥാന്‍ റോയല്‍സിനായിരുന്നു. കാരണം നാല് വിദേശതാരങ്ങളുമായി സീസണ്‍ മുഴുവിപ്പിക്കേണ്ട ഗതികേടിലായിരുന്നു അവര്‍. താരങ്ങള്‍ പരിക്കും മറ്റുമായി പിന്മാറിയതോടെ ടൂര്‍ണമെന്റ് നിര്‍ത്തിയത് ടീമിന് അനുഗ്രഹമായി. എന്നാല്‍ ഐ.പി.എല്‍ പുനഃരാരംഭിച്ചാലും സഞ്ജുവിന്റെ റോയല്‍സിന്റെ അവസ്ഥ ഇതിനേക്കാള്‍ മോശമാകുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കാനുണ്ടാകില്ലെന്നാണ് വിവരം. ഇംഗ്ലണ്ടിന്റെ തിരക്കേറിയ മത്സരക്രമമാണ് ഇതിന് കാരണം. ഇതോടെ രാജസ്ഥാന്റെ പ്രധാന ശക്തികള്‍ ടീമിനൊപ്പം അവശേഷിക്കുന്ന മത്സരങ്ങളില്‍ ഉണ്ടാകില്ല.

ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ ഹിറ്റ് ഇംഗ്ലണ്ട് താരങ്ങളാണ് ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമായുള്ളത്. ഈ മൂന്ന് താരങ്ങളും കളിക്കാനെത്തിയില്ലെങ്കില്‍ രാജസ്ഥാന്‍ ദുര്‍ബലമാകും എന്നതില്‍ യാതൊരു സംശയവുമില്ല. ആര്‍ച്ചറിന്റെയും സ്‌റ്റോക്‌സിന്റെയും അഭാവം മുന്‍ മത്സരങ്ങളിലും രാജസ്ഥാന് തിരിച്ചടിയായിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഇംഗ്ലണ്ടില്‍ തന്നെ ഐ.പി.എല്‍ നടത്താനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നെന്നാണ് വിവരം. അങ്ങനെ ആയാലും ഇംഗ്ലണ്ട് താരങ്ങളെ വിട്ടുതരുമോ എന്ന് കണ്ടറിയണം.