ആഷസില്‍ നിന്നും പുറത്താക്കി, കടുത്ത തീരുമാനം പ്രഖ്യാപിച്ച് മൊയീന്‍ അലി

ആഷസ് പരമ്പരയ്ക്കുളള ഇംഗ്ലീഷ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത് ഇംഗ്ലീഷ് ഓപ്പണര്‍ മൊയീന്‍ അലി. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മോയീന്‍ അലിയെ ഒഴിവാക്കിയത്. അലിക്കു പകരം സോമര്‍സെറ്റിന്റെ ഇടംകൈയ്യന്‍ സ്പിന്നര്‍ ജാക്ക് ലീച്ച് ആണ് ആഷസില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുക.

ആദ്യ ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിലേക്കുയരാന്‍ അലിക്ക് കഴിഞ്ഞില്ല. ആദ്യ ടെസ്റ്റില്‍ 172 റണ്‍സ് വിട്ടുകൊടുത്ത അലിക്ക് 3 വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്.

ഇതോടെയാണ് അലി ക്രിക്കറ്റില്‍ നിന്നും തത്കാലം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. അലിയുടെ തീരുമാനത്തെക്കുറിച്ച് താരത്തിന്റെ കൗണ്ടി ടീം പരിശീലകന്‍ അലക്സ് ഗിഡ്മാന്‍ അറിയിക്കുകയായിരുന്നു. അലി കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനായി മികച്ച പരിശീലനത്തിനും മറ്റുമായി സമയം ചെലവഴിക്കുമെന്നാണ് സൂചന.

കൗണ്ടിയില്‍ കളിക്കാന്‍ അലി ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറി നില്‍ക്കുന്നത് താരത്തിന് ഗുണം ചെയ്യും. അലിയുടെ തീരുമാനത്തെ പൂര്‍ണമായും ബഹുമാനിക്കുകയാണെന്നും എപ്പോഴാണ് തിരിച്ചുവരുന്നതെന്ന് കാത്തിരിക്കുന്നതായും പരിശീലകന്‍ വ്യക്തമാക്കി.