ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരമില്ല

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെന്‍ സ്റ്റോക്സ് മടങ്ങിയെത്തിയപ്പോള്‍ സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെ പരിഗണിച്ചിട്ടില്ല.

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ സെഞ്ച്വറി (112) നേടിയ നോട്ടിങ്ഹാംഷെയറിന്റെ ഹസീബ് ഹമീദ് അഞ്ച് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി. 2016ലെ ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ഹസീബ് ഹമീദ് കളിച്ചിരുന്നു.

ട്വീറ്റ് വിവാദത്തില്‍പെട്ട് വിലക്കേര്‍പ്പെടുത്തിയിരുന്ന ഒല്ലി റോബിന്‍സനെ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ജോസ് ബട്ലറും മറ്റൊരു വിക്കറ്റ് കീപ്പറായ ജോണി ബെയര്‍സ്റ്റോയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സീനിയര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സനും സ്റ്റുവര്‍ട്ട് ബ്രോഡും പേസ് ഓള്‍റൗണ്ടര്‍ സാം കറാനും മാര്‍ക്ക് വുഡും ടീമിലിടം പിടിച്ചു.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്സന്‍, ജോണി ബെയര്‍സ്റ്റോ, ഡോം ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്‍, സാക്ക് ക്രോളി, സാം കറാന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സന്‍, ഡോം സിബ്ലി, ബെന്‍ സ്റ്റോക്സ്, മാര്‍ക്ക് വുഡ്.