സൂപ്പര്‍ താരത്തെ അടക്കം പുറത്താക്കി, ഞെട്ടിച്ച് ഇംഗ്ലണ്ട്

ഓവല്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ടീമില്‍ രണ്ട് പ്രധാന മാറ്റങ്ങളുണ്ട്.  പരമ്പരയില്‍ മോശം ഫോമിലുള്ള ജേസണ്‍ റോയിയേയും ക്രെയ്ഗ് ഓവര്‍ട്ടണെയും ഒഴിവാക്കിയ ഇംഗ്ലണ്ട്, സാം കറന്‍, ക്രിസ് വോക്സ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസീസാകട്ടെ ട്രാവിസ് ഹെഡിന് പകരം ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ടീമിലെടുത്തു.

മത്സരം കെന്നിങ്ടണ്‍ ഓവലില്‍ ആണ് നടക്കുക. പരമ്പരയില്‍ 2-1 ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ആഷസ് നഷ്ടപ്പെടുത്തി കഴിഞ്ഞു. എങ്കിലും അവസാന പോരാട്ടം വിജയിച്ച് പരമ്പര സമനിലയിലാക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ ഈ മത്സരത്തിന് വലിയ പ്രധാന്യമുണ്ട്.

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായ ബെന്‍ സ്റ്റോക്ക്സ് ബാറ്റ്‌സ്മാന്റെ റോളില്‍ മാത്രമാകും അഞ്ചാം ടെസ്റ്റിനുള്ള ടീമില്‍ ഉണ്ടാകുക. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് ബൗള്‍ ചെയ്യാനാകില്ല.

സ്റ്റീവ് സ്മിത്തിന്റെ മികച്ച ഫോം തന്നെയാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി. ആഷസിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു ഇരട്ട സെഞ്ച്വറിയും രണ്ടു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമടക്കം സ്മിത്ത് ഇതുവരെ 671 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.