ഇരട്ട സെഞ്ച്വറിയുമായി നയിച്ച് കോണ്‍വേ; തിരിച്ചടി തുടങ്ങി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 378ന് പുറത്ത്. ഡെവോണ്‍ കോണ്‍വെയുടെ (200) ഇരട്ട സെഞ്ച്വറി കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിംഗ് ആരംങിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ്. കിവീസിനേക്കാള്‍ 267 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്.

റോറി ബേണ്‍സിനൊപ്പം (59*) നായകന്‍ ജോ റൂട്ടാണ് (42*) ക്രീസില്‍. ഡോം സിബ്ലി (0), സാക് ക്രോളി (2) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ടിം സൗത്തിയും കെയ്ല്‍ ജാമിസനുമാണ് വിക്കറ്റ്.

കോണ്‍വേ ഇരട്ട സെഞ്ച്വറി നേടിയെങ്കിലും മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തിയത് ന്യൂസിലന്‍ഡിനെ 378 ലൊതുക്കി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയില്‍ രണ്ടാം ഗിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലന്‍ഡ ഹെന്റി നിക്കോള്‍സ് (31) മടങ്ങിയതിന് പിന്നാലെ വേഗം തകര്‍ന്നടിഞ്ഞു.

90 റണ്‍സിനിടെയാണ് കിവീസിന് ആറ് വിക്കറ്റുകള്‍ നഷ്ടമായത്. 347 പന്തില്‍ നിന്ന് 22 ഫോറും ഒരു സിക്സുംസഹിതം 200 റണ്‍സെടുത്ത കോണ്‍വേ റണ്‍ഔട്ടായി മടങ്ങി. നെയ്ല്‍ വാഗ്‌നര്‍ (25) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി അരങ്ങേറ്റ താരം ഒല്ലി റോബിന്‍സന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ് മൂന്നും ജെയിംസ് ആന്‍ഡേഴ്സന്‍ രണ്ടുവിക്കറ്റും വീഴ്ത്തി.