ഇംഗ്ലണ്ടിന് ഐറിഷ് ഷോക്ക്; കുഞ്ഞന്മാര്‍ താണ്ടിയത് കൂറ്റന്‍ വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും ഏകദിനത്തില്‍ അട്ടിമറി വിജയവുമായി അയര്‍ലന്‍ഡ്. ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം വെച്ച മൈതാനത്തിറങ്ങിയ തോല്‍വിയെ കുറിച്ച് സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 329 റണ്‍സെന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ബോള്‍ ശേഷിക്കെ ഐറിഷ് പട മറികടന്നു. ഏഴുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.

ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്റെ (106) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്. 84 പന്തില്‍ 15 ബൗണ്ടറികളും നാലു സിക്സറുമുള്‍പ്പെട്ടതായിരുന്നു മോര്‍ഗന്റെ ഇന്നിംഗ്‌സ്. ടോം ബാന്റണ്‍ 58, ഡേവിഡ് വില്ലി 51, ടോം കറെന്‍ 38 എന്നിവരുടെ ഇന്നിംഗ്സുകളും ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചു. 49.5 ഓവറില്‍ 328 റണ്‍സ് അടിച്ചുകൂട്ടി ഇംഗ്ലണ്ട് ഓള്‍ഔട്ടായി. അയര്‍ലന്‍ഡിനായി ക്രെയ്ഗ് യങ് മൂന്നും ജോഷ്വ ലിറ്റിലും കര്‍ട്ടിസ് കാംപറും രണ്ടു വിക്കറ്റ് വീതമെടുത്തു.

Image

മറുപടി ബാറ്റിംഗിനറിയ ഐറിഷ് പടയുടെ വിജയത്തിന് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗിന്റെയും (142) ക്യാപ്റ്റന്‍ ആന്‍ഡ്രു ബാള്‍ബിര്‍നിയുടെയും (113) സെഞ്ച്വറി അടിത്തറപാകി. രണ്ടാം വിക്കറ്റില്‍ സ്റ്റിര്‍ലിങ്- ബാള്‍ബിര്‍നി ജോടി 214 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇരുവരും പുറത്തായ ശേഷം ഹാരി ഹെക്ടറും (26 പന്തില്‍ 29*) കെവിന്‍ ഒബ്രെയ്നും (15 പന്തില്‍ 21*) ചേര്‍ന്നു വിജയലക്ഷ്യം മറികടന്നു.

Image

ഐറിഷ് ടോപ്സ്‌കോറര്‍ പോള്‍ സ്റ്റിര്‍ലിംഗ് കളിയിലെ താരമായപ്പോള്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലിയാണ് പരമ്പരയിലെ താരമായി. ആദ്യത്തെ രണ്ടു മല്‍സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് നേരത്തേ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.