ടീം ഇന്ത്യയ്ക്ക് മതിയായി, രണ്ടു താരങ്ങളുടെ കരിയര്‍ അവസാനിക്കുന്നു

ലോക കപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിക്കുമ്പോള്‍ രണ്ട് താരങ്ങളുടെ ഭാവി തുലാസില്‍. ദിനേഷ് കാര്‍ത്തികിന്റേയും കേദര്‍ ജാദവിന്റേയും കരിയര്‍ ഏകദേശം അവസാനിച്ചതായാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇതോടെ മധ്യനിരയില്‍ ടീം ഇന്ത്യയ്ക്ക് ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടി വരും.

ലോക കപ്പില്‍ ദയനീയ പ്രകടനമാണ് അവസരം കിട്ടിയപ്പോഴെല്ലാം ദിനേഷ് കാര്‍ത്തിക് കാഴ്ച വെച്ചത്. സെമിയില്‍ ഇന്ത്യ തോറ്റ മത്സരത്തില്‍ കാര്‍ത്തികിന് ആദ്യ റണ്‍സ് സ്വന്തമാക്കാന്‍ 20 പന്തുകളാണ് വേണ്ടി വന്നത്. 26 പന്തില്‍ ആറു റണ്‍സുമായി കാര്‍ത്തിക് മടങ്ങുകയും ചെയ്തു. ഇതോടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട ഇന്ത്യ പിന്നീട് കൂട്ടത്തകര്‍ച്ചയിലേക്ക് വീഴുകയും ചെയ്തു.

മൂന്ന് മത്സരങ്ങളാണ് ഈ ലോക കപ്പില്‍ കാര്‍ത്തികിന് കളിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ രണ്ട് തവണ ബാറ്റ് ചെയ്ത കാര്‍ത്തികിന് രണ്ടക്കം കടക്കാനായില്ല. റണ്‍സുകള്‍ കണ്ടെത്തുന്നതിലുളള അമാന്തവും ഈ കര്‍ണാടക താരത്തിന് തിരിച്ചടിയാണ്.

അതേസമയം സമാനമായ പുറത്താകല്‍ ഭീഷണിയിലാണ് കേദര്‍ ജാദവും. ബാറ്റ് കൊണ്ടും പന്തു കൊണ്ടും തിളങ്ങാന്‍ കരുത്തുളള താരത്തിന് ലോക കപ്പില്‍ ആറ് അവസരം ലഭിച്ചെങ്കിലും എടുത്തുപറയാവുന്ന പ്രകടനമൊന്നും കാഴ്ച്ചവെയ്ക്കാനായില്ല. കേദറിന്റെ ഫോമില്ലായിമ മധ്യനിരയില്‍ ഇന്ത്യയ്ക്ക് നിരന്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടതായും വന്നു.

Read more

കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ലോക കപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നതില്‍ പരാജയപ്പെട്ടു. പേസ് ബൗളര്‍മാരുടെയും ഓപ്പണര്‍മാരുടേയും തകര്‍പ്പന്‍ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ലോക കപ്പ് പ്രാഥമിക റൗണ്ട് പോലും കടക്കുമായിരുന്നോ എന്ന് സംശയമാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ കൊട്ടിഘോഷിച്ചെത്തിയ വിജയ് ശങ്കറും വലിയ നിരാശ സമ്മാനിച്ച താരമാണ്.