പൊള്ളാര്‍ഡിനെ പുറത്താക്കി പകരം അവനെ ഇറക്കണം; നിര്‍ദ്ദേശവുമായി ആകാശ് ചോപ്ര

ഐപിഎല്‍ 15ാം സീസണില്‍ തുടര്‍ തോല്‍വികളുമായി പ്ലോഓഫില്‍ നിന്ന് പുറത്തായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. മുന്‍ ചാമ്പ്യന്മാരുടെ ഈ ദയനീയ പ്രകടനത്തില്‍ ടീം മാനേജ്മെന്റും ആരാധകരും ഒരേപോലെ നിരാശരാണ്. ഇതിനിടെ സീസണില്‍ പരാജയമായി മാറിയ കീറോണ്‍ പൊള്ളാഡിന് മറ്റ് മികച്ച താരങ്ങളെ തഴഞ്ഞ് മുംബൈ ഇനിയും അവസരം നല്‍കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര.

‘ഈ സീസണില്‍ ഇനിയൊരു മത്സരം പൊള്ളാര്‍ഡിന് ലഭിക്കുമെന്ന് കരുതുന്നില്ല. അവനെ ഇനി കളിപ്പിക്കേണ്ട. കാരണം ഡെവാള്‍ഡ് ബ്രെവിസ് ബെഞ്ചിലിരിക്കുകയാണ്. ടിം ഡേവിഡ് മികച്ച പ്രകടനവും നടത്തുന്നുണ്ട്.’

‘ടിം ഡേവിഡിനെ എന്തിനാണ് പുറത്തിരുത്തിയതെന്ന് മനസിലാകുന്നില്ല. അനായാസമായി സിക്സര്‍ നേടാന്‍ കെല്‍പ്പുള്ള താരത്തെ എത്ര മത്സരങ്ങളിലാണ് അവര്‍ ബെഞ്ചിലിരുത്തിയത്. അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കാമായിരുന്നുവെന്ന് ഇപ്പോള്‍ മുംബൈക്ക് തോന്നുന്നുണ്ടാവും’ ആകാശ് ചോപ്ര പറഞ്ഞു.

ബാറ്റിംഗിലോ, ബോളിംഗിലോ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ ഈ സീസണില്‍ പൊള്ളാര്‍ഡിനു കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും 129 റണ്‍സും നാല് വിക്കറ്റുമാണ് താരത്തിന് നേടാനായത്. 25 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.