ഇന്ത്യയ്ക്ക് നാണക്കേടായി ഡല്‍ഹി; മത്സരം ഉപേക്ഷിക്കാനും ആവശ്യം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ മലിനീകരണത്തന്റെ ഉയര്‍ന്ന തോത് ഇതുവരെ ഇന്ത്യയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നം മാത്രം ആയിരുന്നെങ്കില്‍ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരം നടന്നതോടെ അതിന് ആഗോള ശ്രദ്ധ തന്നെ കൈവരിച്ചിരിക്കുകയാണ്. 140 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് താരങ്ങള്‍ മുഖംമൂടി അണിഞ്ഞിറങ്ങിയതാണ് ഇതിന് ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ടൂറിസം ഭൂപടത്തില്‍ ഇതോടെ ഡല്‍ഹിയുടേയും ഇന്ത്യയുടേയും സ്ഥാനം തന്നെ ഒരുപക്ഷെ പരുങ്ങലിലായേക്കും.

അതെസമയം ഡല്‍ഹിയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. പുകമഞ്ഞും മലിനീകരണവും ഡല്‍ഹിയില്‍ ക്രിക്കറ്റ് അസാധ്യമാക്കിയിരിക്കുകയാണെന്നാണ് ഒരു വിഭാഗം ലങ്കന്‍ കാണികളുടെ അഭിപ്രായം. ഐഎസിസിയ്ക്കടക്കം ഇത്തരം പരാതികള്‍ ലഭിച്ചിട്ടുളളതായാണ് സൂചന. ഇക്കാര്യത്തില്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് എന്തെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസം പുകമഞ്ഞ് കാരണം 26 മിനിറ്റാണ് കളി മുടങ്ങിയത്. രണ്ടു ലങ്കന്‍ താരങ്ങള്‍ കളിക്കിടെ മൈതാനം വിട്ടുപോയി. 123ാം ഓവറില്‍ മൂന്നു പന്തെറിഞ്ഞതിനുശേഷം പേസര്‍ ലഹിരു ഗമാജെ ബോളിങ് നിര്‍ത്തി. തുടര്‍ന്ന് ലങ്കന്‍ ക്യാപ്റ്റന്‍ അമ്പയറെ സമീപിച്ചതോടെ കളി നിര്‍ത്തിവച്ചു.

125ാം ഓവറില്‍ വീണ്ടും പന്തെറിയാനെത്തിയ ഗമാജെ അശ്വിന്റെ വിക്കറ്റുനേടിയശേഷം ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടുപോയി. പിന്നാലെ പേസര്‍ സുരംഗ ലക്മലും മടങ്ങി. പകരക്കാരെ ഇറക്കാത്തതിനു കാരണം തിരക്കിയ അംപയര്‍ക്കു മുന്‍പില്‍ ലങ്കന്‍ താരങ്ങള്‍ ഫീല്‍ഡ് ചെയ്യാനാകുന്നില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണു കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഡിക്ലയര്‍ തീരുമാനത്തോടു കയ്യടിച്ചാണു ലങ്കന്‍ താരങ്ങള്‍ പ്രതികരിച്ചത്. എന്നാല്‍ ഗാലറി അവരെ കൂവിവിളിച്ചു.

അതിനിടെ ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുടെ നിരക്ക് ഇന്നലെ കൂടുതലായിരുന്നെന്നാണു റിപ്പോര്‍ട്ട്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്ററുകളുടെ അളവില്‍ വര്‍ധനയുണ്ടായി.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്മെന്റ് (സിഎസ്ഇ) എന്ന സംഘടന നടത്തിയ പരിശോധനകളില്‍ ഫിറോസ്ഷാ കോട്ല പരിസരത്ത് രാവിലെയും വൈകുന്നേരവും വായുശുദ്ധി അത്യാപല്‍ക്കരമെന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ദീര്‍ഘനേരം ഈ വായു ശ്വസിച്ചാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു കാരണമായേക്കാമെന്നും സിഎസ്ഇയുടെ പ്രസ്താവനയില്‍ പറയുന്നു.