മോര്‍ഗന്‍, ബട്ട്‌ലര്‍ എന്നിവര്‍ക്കും ഇംഗ്ലണ്ടിന്റെ വിലക്ക് വരുന്നു; അന്വേഷണം തുടങ്ങി

ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ നായകന്‍ ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്ലര്‍ എന്നിവരുടെ വംശീയ ട്വീറ്റുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ച്  ഇ.സി.ബി. 2013ല്‍ നടത്തിയ വംശീയാധിക്ഷേപ, ലൈംഗികചുവയുള്ള ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി യുവ പേസര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും അന്വേഷണം തുടങ്ങിയത്.

ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ബട്ട്‌ലറുടെ പഴയ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറാലായിട്ടുണ്ട്. നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ച് സ്‌ക്രീന്‍ ഷോട്ടുകള്‍ പഹ്കുവെച്ച് രംഗത്ത് വന്നിട്ടുള്ളത്. റോബിന്‍സണിനെതിരെ നടപടി എടുത്തവര്‍ മുന്‍നിര താരങ്ങള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ധൈര്യം കാണിക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

തങ്ങളുടെ കായികരംഗത്ത് വിവേചനത്തിന് സ്ഥാനമില്ലെന്നും ആവശ്യമുള്ളിടത്ത് പ്രസക്തവും ഉചിതമായതുമായ നടപടി സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നുമാണ് ഇ.സി.ബി ഇതിനോട് പ്രതികരിച്ചത്. ഇത്തര കേസുകള്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യുമെന്നും എല്ലാ വസ്തുതകളും നോക്കിക്കൊണ്ട് ഓരോ കേസും വ്യക്തിഗത അടിസ്ഥാനത്തില്‍ പരിഗണിക്കുമെന്നും ഇ.സി.ബി അറിയിച്ചു.

കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റില്‍ കളിച്ചുകൊണ്ടാണ് റോബിന്‍സണ്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ തുടങ്ങുന്നത്. എന്നാല്‍ ആദ്യ മത്സരത്തിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിന്‍സണ്‍ തിളങ്ങിയതിന് പിന്നാലെ എട്ട് വര്‍ഷം മുമ്പ് ട്വിറ്ററില്‍ താരം നടത്തിയ വംശീയ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി പ്രചരിച്ചു. ആദ്യ ദിവസത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സന്‍ സംഭവത്തില്‍ ക്ഷമ ചോദിച്ചിരുന്നു.