ആ താരത്തെ ഉറപ്പായും ദ്രാവിഡ് ലോക കപ്പ് ടീമിലെടുക്കും, എന്നാല്‍ ഫിറ്റായിട്ടും അയാള്‍ ഏഷ്യാ കപ്പിനില്ല!

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് അഭിപ്രായ പ്രകടനവുമായി ഇന്ത്യന്‍ മുന്‍ സെലക്ടര്‍ കിരണ്‍ മോറെ. ഇന്ത്യയുടെ ടി20 ലോക കപ്പ് സ്‌ക്വാഡ് ഏഷ്യാ കപ്പ് ടീമില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമി തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.

‘ഷമി ഉറപ്പായും ലോക കപ്പില്‍ കളിക്കണം, ഇപ്പോഴും ഞാനത് പറയുന്നു. ബാക്ക് അപ്പ്സ് കളിക്കാരെ നിലനിര്‍ത്തുക എന്നത് രാഹുല്‍ ദ്രാവിഡിന്റെ രീതിയാണ്. ഒരു ബോളര്‍ക്ക് പരിക്കേറ്റാല്‍ ആവേശ് ഖാനെ പോലൊരാളെ ലോക കപ്പില്‍ ഉപയോഗിക്കാം.’

‘ബുംമ്രയുടെ പരിക്കിന്റെ വ്യാപ്തി എനിക്കറിയില്ല. എന്നാല്‍ ബുംമ്ര ഫിറ്റ് ആയാല്‍ ഷമിയും ലോക കപ്പ് ടീമിലുണ്ടാവും. ഹര്‍ദിക് നടത്തിയ തിരിച്ചുവരവ് അത്ഭുതപ്പെടുത്തുന്നതാണ്. 140ന് മുകളില്‍ ഹര്‍ദിക് പന്തെറിയുന്നു. അതുപോലെയുള്ള കളിക്കാരെയാണ് ക്യാപ്റ്റന് വേണ്ടത്. റണ്‍സ് സ്‌കോര്‍ ചെയ്യാനാവണം, വിക്കറ്റ് വീഴ്ത്തണം, ഫീല്‍ഡില്‍ ജാഗ്രതയോടെ നില്‍ക്കണം’ കിരണ്‍ മോറെ പറഞ്ഞു.

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. രോഹിത് ശര്‍മ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലിയും കെഎല്‍ രാഹുലും മടങ്ങിയെത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അസാന്നിധ്യം ടീം സെലക്ഷനെ ശ്രദ്ധേയമായിരിക്കുകയാണ്. ബുംറ പരിക്കിനെ തുടര്‍ന്നാണ് പുറത്തായതെങ്കില്‍ ഷമിയെ മാറ്റിനിര്‍ത്തിയത് എന്താണെന്നതില്‍ വ്യക്തതയില്ല.