കപ്പുയര്‍ത്തിയ കൗമാരത്തിന് ദ്രാവിഡിന്റെ ഉപദേശം, ആരും കൊതിക്കും ഇങ്ങനൊരു ആശാനെ!

കളിയോട് വിട പറഞ്ഞ രാഹുല്‍ ദ്രാവിഡ് കൗമാരപ്പടയുടെ പരിശീലകനായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. കളിക്കളത്തിലെ മനോഭാവം പരിശീലക വേഷത്തിലും ദ്രാവിഡ് പിന്തുടര്‍ന്നു. പരിശീലക വേഷമണിഞ്ഞപ്പോള്‍ മുതല്‍ കൃത്യമായ കരുനീക്കങ്ങളുണ്ടായിരുന്നു ദ്രാവിഡിന്റെ മനസ്സില്‍. ഒടുവിലിതാ അതിന്റെ സാക്ഷാത്ക്കാരം.

അണ്ടര്‍ 19 താരങ്ങള്‍ ലോകകപ്പ് കിരീടമുയര്‍ത്തിയപ്പോള്‍ ദ്രാവിഡിനോളം സന്തോഷിച്ച മറ്റൊരാളുണ്ടാകില്ല. കളിക്കളത്തില്‍ കളിക്കാരനായി നിന്ന് ഉയര്‍ത്താന്‍ പറ്റാത്ത കിരീടം ദ്രാവിഡ് പരിശീലകനായി നിന്ന് നേടിയെടുത്തു. എങ്കിലും അതില്‍ അദ്ദേഹം മതിമറന്ന് ആഘോഷിച്ചില്ല ഒപ്പം ടീമും. അതിനു പിന്നിലും രാഹുലെന്ന വന്‍മതിലിന്റെ നല്ല ഉപദേശമായിരുന്നു.

തന്റെ ശാന്തത തന്നെയാണ് ദ്രാവിഡ് തന്റെ ശിഷ്യന്മാര്‍ക്കും പകര്‍ന്നത്. “നിങ്ങളുടെ ആഘോഷം ആര്‍ക്കും മോശമായി തോന്നരുത്, ആരെയും വേദനിപ്പിക്കുന്നതുമാകരുത്. ഇത് ആഘോഷിക്കാനുളള നിമിഷമാണ്, ആഘോഷിക്കുക. പക്ഷേ ആരുടെ നാവില്‍നിന്നും മോശമായി മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പുറത്തുവരരുത്. ഈ വിജയം നമുക്ക് മാന്യത നഷ്ടപ്പെടുത്താതെ ആഘോഷിക്കാം” എന്നായിരുന്നു ഡ്രസിംഗ് റൂമിലെ ദ്രാവിഡിന്റെ ഉപദേശം. അത് അവര്‍ അനുസരിക്കുകയും ചെയ്തു.

Read more

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിനു തകര്‍ത്ത് കൗമാര ലോകകിരീടം ചൂടി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലാണ് ഇന്ത്യ. ടൂര്‍മെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടീം ഫൈനലില്‍ ആധികാരികമായാണ് ഓസ്‌ട്രേലിയയെ തകര്‍ത്തുവിട്ടത്. ഇന്ത്യയുടെ നാലാം കൗമാര ലോകകിരീടം ആണിത്. ഇതിനു മുന്‍പ് 2000,2008, 2012 വര്‍ഷങ്ങളിലും ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.