വീണ്ടും ഞെട്ടിച്ച് രണ്ടാം സെവാഗ്, ട്രിപ്പിള്‍ സെഞ്ച്വറിയ്ക്ക് പിന്നാലെ ഡബിള്‍ സെഞ്ച്വറി

ഏറെ നാളത്തെ തിരിച്ചടിയ്ക്ക് ശേഷം ക്രിക്കറ്റിന്റെ ലൈം ലൈറ്റില്‍ നിന്നും അപ്രത്യക്ഷനായ യുവതാരം സര്‍ഫറാസ് ഖാന്‍ സ്വപ്‌നസമാനമായ രീതിയില്‍ ഫോം വീണ്ടെടുത്തിരിക്കുകയാണ്. രഞ്ജിയില്‍ മുംബൈയ്ക്കായി കഴിഞ്ഞ ദിവസം ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സര്‍ഫറാസ് ഇപ്പോഴിതാ ഇരട്ട സെഞ്ച്വറി കൂടി സ്വന്തമാക്കി ഞെട്ടിച്ചിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗിന്റെ വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന സര്‍ഫറാസ് അതിവേഗമാണ് ഇരട്ട സെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചത്.

ഹിമാചലിനെതിരെ ആയിരുന്നു സര്‍ഫറാസിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. 213 പന്തുകളില്‍ 32 ബൗണ്ടറികളും, 4 സിക്‌സറുകളുമടക്കം 226 റണ്‍സ് നേടി ബാറ്റിംഗ് തുടരുകയാണ് യുവതാരം.

കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിനെതിരെ നടന്ന രഞ്ജി മത്സരത്തിന്റെ ഒന്നാമിന്നിംഗ്‌സില്‍ മുംബൈയ്ക്ക് വേണ്ടി ആറാമനായി ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് ഖാന്‍ ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 391 പന്തുകളില്‍ നിന്ന് 30 ബൗണ്ടറികളും, 8 സിക്‌സറുകളുമടക്കം പുറത്താകാതെ 301 റണ്‍സാണ് സര്‍ഫറാസ് നേടിയത്.