കോഹ്ലിയോട് ഈ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തമെന്ന് ഗാംഗുലി

ഇന്ത്യന്‍ താരം അജയ്ക്യ രഹാനയ്ക്കായി ശബ്ദമുയര്‍ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അജയ്ക്യ രഹാനയെ ഉള്‍പ്പെടുത്തണമെന്ന് സൗരവ് ഗാംഗുലി പറയുന്നു. രഹാനയെ കൂടാതെ കോഹ്ലിയും പൂജാരയും മുരളി വിജയും ചേരുമ്പോള്‍ ടീം ഇന്ത്യ കരുത്തരാകുമെന്നും ഗാംഗുലി വിലയിരുത്തുന്നു.

ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലും രഞ്ജി ട്രോഫിയിലും രഹാന മോശം പ്രകടനം നടത്തിതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തിനായി ഗാംഗുലി പരസ്യമായി രംഗത്തെത്തിയത്.

“രഹാനയുടെ ഫോമിനെ കുറിച്ച് ആശങ്കപ്പെടണമെന്ന് എനിക്ക് തോന്നുന്നില്ല, അവന്‍ നല്ല ക്വാളിറ്റിയുളള കളിക്കാരനാണ്. വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, മുരളി വിജയ് എന്നിവര്‍ ദക്ഷിണാഫ്രിക്കയില്‍ ടീമിലുണ്ടാകുമ്പോള്‍ ഏറ്റവും നല്ല ഫലം തന്നെ നമുക്ക് ലഭിക്കും” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന ടീം ഇന്ത്യയെ ഉപദേശിക്കാനും ഗാംഗുലി മറന്നില്ല. പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഭയമില്ലാതെ കളിക്കണം. പര്യടനത്തിലെ വെല്ലുവിളികള്‍ ധൈര്യസമേതം ഏറ്റെടുക്കണമെന്നും ദാദ ആവശ്യപ്പെട്ടു.

കോഹ്ലി താരങ്ങളെ നയിക്കുന്ന രീതി അഭിനന്ദനാര്‍ഹമാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. വിദേശ പിച്ചുകളില്‍ ഇന്ത്യക്ക് കാലിടറും എന്ന ക്രിക്കറ്റ് പ്രവചകര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ദാദ നല്‍കിയത്. നായകന്‍ വിരാട് കോലിക്ക് കീഴില്‍ മികച്ച പ്രകടനമാണ് ടീം ഇന്ത്യ നടത്തുന്നത്. കോലി നായകനായ ശേഷം ടെസ്റ്റില്‍ ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ഇന്ത്യന്‍ ബാറ്റിംഗ് മുന്‍നിര പതിവില്‍ നിന്ന് വ്യത്യസ്തമായി തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞതായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയാം സ്മിത്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ജനുവരി അഞ്ചിനാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. തുടര്‍ച്ചയായ പരമ്പര വിജയങ്ങളുടെ റെക്കോര്‍ഡുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറുക.