അവന്‍ ഇനി ടീം ഇന്ത്യയ്ക്കായി കളിക്കില്ല, തുറന്നടിച്ച് ഇന്ത്യന്‍ താരം

മുംബൈ: ഇന്ത്യയ്ക്കായി മഹേന്ദ്ര സിംഗ് ധോണി ഇനി കളിക്കാന്‍ സാദ്ധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വരുന്ന ഐപിഎല്ലില്‍ ധോണി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചാലും അത്തരമൊരു സാദ്ധ്യത ഉദിക്കുന്നില്ലെന്നും ഹര്‍ഭജന്‍ വിലയിരുത്തുന്നു.

നിലവില്‍ ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണ് ഹര്‍ഭജന്‍ സിംഗ്. ബിസിസിഐ കരാറില്‍നിന്ന് ധോണി പുറത്തായതിനെ കുറിച്ച് പിടിഐയോട് പ്രതികരിക്കുകയായിരുന്നു ഹര്‍ഭജന്‍.

“ധോണി ഇനിയും ഇന്ത്യയ്ക്കായി കളിക്കുമെന്നു തോന്നുന്നില്ല. 2019 ലോക കപ്പ് ക്രിക്കറ്റ് വരെ കളിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അതുണ്ടാകില്ല. അദ്ദേഹം ഐപിഎല്ലിനു വേണ്ടി തയ്യാറെടുക്കുകയായിരിക്കണം” ഹര്‍ഭജന്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ മികച്ച ഒരു സീസണായിരിക്കും ധോണിയുടേതെന്ന് ആത്മവിശ്വാസമുണ്ടെന്നും ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു.

ദേശീയ ക്രിക്കറ്റ് ടീമില്‍നിന്നു മാസങ്ങളായി വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് പരിശീലനം ധോണി വീണ്ടും ആരംഭിച്ചിട്ടുണ്ട്. റാഞ്ചിയില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിനൊപ്പം ബാറ്റിംഗ് പരിശീലനമുള്‍പ്പെടെ ധോണി നടത്തുന്നുണ്ട്. ഐപിഎല്‍ സീസണിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണു പരിശീലനം എന്നാണു വിവരം.

ലോക കപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടു തോറ്റ ശേഷം ദേശീയ ക്രിക്കറ്റ് ടീമില്‍നിന്ന് ധോണി താത്കാലിക അവധിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നു ധോണി പുറത്തായത്.