ഹൃദയം തകര്‍ന്ന് താരങ്ങള്‍, ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് ഞങ്ങള്‍ മറ്റ് ജോലിയ്ക്ക് അപേക്ഷിക്കണമോ?

ലണ്ടന്‍: രാഷ്ട്രീയ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി സിംബാബ് വെ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി വിലയക്കിയതോടെ ഭാവിയെ ചൊല്ലി കടുത്ത ആശങ്കയിലാണ് സിംബാബ് വെ ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് ഞങ്ങള്‍ മറ്റ് ജോലിയ്ക്ക് അപേക്ഷിക്കണമോയെന്നാണ് മുതിര്‍ന്ന സിംബാബ് വെ താരവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സികന്ദര്‍ റാസ വിലപിക്കുന്നത്. ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു സിക്കന്ദര്‍ റാസ.

ടീമിനെ വിലക്കിയത് ഹൃദയഭേദകമാണെന്ന് പറഞ്ഞ റാസ ഇനി ഞങ്ങള്‍ എങ്ങോട്ട് പോകണമെന്നും ചോദിക്കുന്നു. ‘ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങള്‍. സത്യം പറഞ്ഞാല്‍ ആ ഷോക്ക് മാറിയിട്ടില്ല. ഞങ്ങളുടെ രാജ്യാന്തര കരിയര്‍ ഇത്തരത്തില്‍ അവസാനിക്കുന്നതില്‍ അതിയായ നിരാശയുണ്ട്. ഇത് ഒരു കളിക്കാരന്റെ മാത്രം കാര്യമല്ല. ഒരു രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്. ഇനി ഞങ്ങള്‍ എവിടേക്കു പോകണം? ഇവിടെനിന്ന് രക്ഷപ്പെടാനുള്ള എന്തെങ്കിലും വഴിയുണ്ടോ?’ റാസ ചോദിച്ചു.

ALSO READ: ക്യാമ്പല്‍, ഫ്‌ളവര്‍ സഹോദരന്മാരെല്ലാം ഇനി ഓര്‍മ്മ, സിംബാബ്‌വെ ടീം ഇനിയില്ല

‘ടീമിനു വിലക്കു ലഭിച്ചു എന്നാണ് ഞങ്ങളെ അറിയിച്ചിരിക്കുന്നത്. അത് എത്ര നാളത്തേക്കാണെന്നൊന്നും വ്യക്തമാക്കിയിട്ടില്ല. രണ്ടു വര്‍ഷത്തെ വിലക്കാണെങ്കില്‍പ്പോലും ഒട്ടേറെപ്പേരുടെ കരിയര്‍ അതോടെ തീര്‍ന്നുപോകും. സിംബാബ്വെയിലെ ക്രിക്കറ്റിന്റെ വേരറുക്കുന്ന തീരുമാനമാണിത്. ഇങ്ങനെയൊക്കെ ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയും?’ റാസ പറഞ്ഞു. ജീവിതത്തിലാദ്യമായി സിംബാബ്‌വെ താരങ്ങള്‍ മറ്റൊരു കരിയറിനെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയിലാണെന്നും റാസ ചൂണ്ടിക്കാട്ടി.

സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്ന റാസ, പാക്കിസ്ഥാനിലെ എയര്‍ഫോഴ്‌സ് കോളജിലും പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. ഇതിനുശേഷം എല്ലാം ഉപേക്ഷിച്ച് വൈകി മാത്രമാണ് ക്രിക്കറ്റിലേക്കെത്തിയത്. എന്നാല്‍, രാജ്യാന്തര ക്രിക്കറ്റിലെ ശ്രദ്ധേയനായ ഓള്‍റൗണ്ടറായി റാസ മാറിയത് വളരെ പെട്ടെന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റുകളിലും റാസ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാന്‍, ബംഗ്ലാദേശ് ടി20 ലീഗുകളിലെ സ്ഥിരസാന്നിധ്യമാണ് താരം.

ഏകദിനത്തില്‍ 2656 റണ്‍സും, 59 വിക്കറ്റുകളും വീഴ്ത്തിയ റാസയ്ക്ക് ടെസ്റ്റില്‍ 818 റണ്‍സും, 20 വിക്കറ്റുകളുമാണ് സമ്പാദ്യം. 32 ടി20 മത്സരങ്ങളില്‍ 406 റണ്‍സും, 11 വിക്കറ്റുകളും അദ്ദേഹം സിംബാബ്വെയ്ക്ക് വേണ്ടി നേടിയിട്ടുണ്ട്.