കമന്ററി പറയുന്നത് നിര്‍ത്തി അവന്‍ ഇന്ത്യയ്ക്കായി ലോക കപ്പില്‍ ഇറങ്ങണം; വിലയിരുത്തലുമായി മൈക്കില്‍ വോണ്‍

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പില്‍ ദിനേഷ് കാര്‍ത്തിക്കിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കില്‍ വോണ്‍. കുറച്ച് കാലമായി ഇന്ത്യക്ക് ഒരു ഫിനിഷറുടെ റോളില്‍ ഒരു കളിക്കാരനില്ലെന്നും ഇപ്പോഴത്തെ ഫോമിലും പ്രകടനവും വെച്ച് നോക്കുകയാണെങ്കില്‍ ദിനേഷ് കാര്‍ത്തിക് ആ സ്ഥാനത്തേക്ക് എത്താന്‍ അനുയോജ്യനാണെന്നും വോണ്‍ പറഞ്ഞു.

‘ദിനേഷ് കാര്‍ത്തിക്കിനെ ഇന്ത്യ എന്ത് ചെയ്തിട്ടാണെങ്കിലും ഇന്ത്യയുടെ ടി20 ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം. ആറാം നമ്പര്‍ മുതല്‍ എട്ടാം നമ്പര്‍ വരെ ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തമല്ല. ഹര്‍ദിക് പാണ്ഡ്യ കുഴപ്പമില്ലാത്ത താരമാണ്. പക്ഷേ പരുക്കിന്റെ ആധിക്യം അദ്ദേഹത്തിനുണ്ട്. കുറച്ച് കാലമായി ഇന്ത്യക്ക് ഒരു ഫിനിഷറുടെ റോളില്‍ ഒരു കളിക്കാരനില്ല. ഇപ്പോഴത്തെ ഫോമിലും പ്രകടനവും വെച്ച് നോക്കുകയാണെങ്കില്‍, ദിനേഷ് കാര്‍ത്തിക് കമന്ററി അവസാനിപ്പിച്ച് ഒരു ടി20 ലോക കപ്പ് കൂടി കളിക്കാനാണ് സാധ്യത.’

‘കാര്‍ത്തിക് കളിക്കുന്നത് ആരും കളിക്കാത്ത രീതിയിലാണ്. ഡികെയ്ക്ക് തന്റെ റോളിനെ കുറിച്ച് കൃത്യമായി അറിയാം. ഏത് കഠിനമായ ബൗളര്‍മാര്‍ക്കെതിരെ അടക്കം സിക്സറടിക്കാന്‍ ഡികെയ്ക്ക് നിരവധി ഓപ്ഷനുകളാണ് ഉള്ളത്. ടി20 എന്ന് പറഞ്ഞാല്‍ അതാണ്. എസ്ആര്‍എച്ചിനെതിരെ എട്ട് പന്തില്‍ 30 റണ്‍സെടുത്ത ഡികെ കളിയുടെ മൊത്തം പോക്ക് തന്നെ മാറ്റി’ വോണ്‍ പറഞ്ഞു.

ഇന്നലെ സണ്‍റൈസേഴ്‌സിന് എതിരായി നടന്ന നിര്‍ണായക മത്സരത്തില്‍ വെടിക്കെട്ട് പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെച്ചത്. എട്ട് പന്തില്‍ 30 റണ്‍സാണ് താരം അടിച്ചത്. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണിത്. സീസണിലുടനീളം ഇത്തരത്തിലുള്ള മാസ്മരിക പ്രകടനമാണ് ഡികെയില്‍ നിന്ന് കാണുന്നത്.