സഞ്ജു മാത്രമല്ല, വിഷ്ണുവും സന്ദീപും ടീം ഇന്ത്യയിലേക്ക്, നിര്‍ണായക ടീമില്‍ ഇടംപിടിച്ചു

ദേവ്ദര്‍ ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി എന്നീ ടീമുകളെയാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ശേഷമാണ് ദേവ്ദര്‍ ട്രോഫിക്കായുള്ള ടീമുകളുടെ പ്രഖ്യാപനം നടന്നത്.

ഇന്ത്യ എ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. വിജയ് ഹസാര ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരങ്ങള്‍ക്ക് ഇന്ത്യ എ ടീമിലേക്ക് വഴിയൊരുക്കിയത്. സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ് എന്നിവര്‍ ഇന്ത്യ എ ടീമിലാണ്. ഹനുമ വിഹാരിയാണ് ടീമിനെ നയിക്കുക.

മറ്റൊരു കേരള താരമായ ജലജ് സക്സേന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ സി ടീമിലാണ്. ഇന്ത്യ ബി ടീമിന്റെ നായകന്‍ പാര്‍ത്ഥിവ് പട്ടേലാണ്.

ഇന്ത്യ സി ടീമാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യ എ ടീമിലും മായങ്ക് അഗര്‍വാള്‍ സി ടീമിലും കളിക്കുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് പ്രവേശിക്കാന്‍ സുവര്‍ണാവസരമാണ് മലയാളി യുവതാരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

നേരത്തെ സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മലയാളി താരങ്ങള്‍ ദേവ്ദര്‍ ട്രോഫിയ്ക്കുളള ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത്.