പന്തിന് കോവിഡ്, സാഹ ഐസലേഷനില്‍; ഇംഗ്ലണ്ടിനെതിരെ താന്‍ കീപ്പറാകാമെന്ന് കാര്‍ത്തിക്

ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിക്കുകയും, വൃദ്ധിമാന്‍ സാഹ ഐസലേഷനിലും ആയ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് കാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ദിനേശ് കാര്‍ത്തിക്. തമാശരൂപേണ കാര്‍ത്തിക് ചെയ്ത ട്വീറ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.

വിക്കറ്റ് കീപ്പറിന്റെ ഗ്ലൗസ് മുകളില്‍വച്ച ഒരു ക്രിക്കറ്റ് കിറ്റിന്റെ ചിത്രമാണ് കാര്‍ത്തിക് ട്വിറ്ററില്‍ പങ്കുവെച്ചത്. ഒപ്പം #Justsaying എന്നൊരു ഹാഷ്ടാഗും. ടീമിലെ രണ്ട് പ്രധാന വിക്കറ്റ് കീപ്പര്‍മാരും പുറത്തായതോടെ “വേണമെങ്കില്‍ ഞാന്‍ കളിക്കാം” എന്ന് തന്നെയാണ് കാര്‍ത്തിക് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമല്ലെങ്കിലും കമന്റേറ്ററുടെ വേഷത്തില്‍ ദിനേഷ് കാര്‍ത്തിക് നിലവില്‍ ഇംഗ്ലണ്ടിലുണ്ട്. രണ്ട് വിക്കറ്റ് കീപ്പര്‍മാരും പുറത്തിരിക്കുന്ന സാഹചര്യത്തില്‍ കെ.എല്‍ രാഹുലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. സന്നാഹത്തില്‍ രാഹുലാവും ഇന്ത്യയുടെ വിക്കറ്റ് കാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യത്തില്‍ പന്തിന്റെ കോവിഡ് പരിശോധന ഫലം ഏറെ നിര്‍ണായകമായും. പത്ത് ദിവസത്തെ ഐസൊലേഷനുശേഷം ജൂലൈ 18ന് നടത്തുന്ന പരിശോധനയില്‍ നെഗറ്റീവായാല്‍ പന്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കും. എന്തൊക്കെയായാലും ഇംഗ്ലണ്ടിലേക്ക് പകരം താരങ്ങളെ അയക്കില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ.