പന്തിനെ ചെറുതാക്കി റൂട്ടിന് പ്രശംസ; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ദിനേശ് കാര്‍ത്തിക്

ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം റിഷഭ് പന്തിനെ ചെറുതാക്കി ഒരു വിക്കറ്റ് വീഴ്ത്തിയ ജോ റൂട്ടിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ദിനേശ് കാര്‍ത്തിക്. മാച്ച് സമ്മറിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചതിന്റെ തലക്കെട്ടാണ് കാര്‍ത്തിക്കിനെ പ്രകോപിപ്പിച്ചത്.

ആധിപത്യം പുലര്‍ത്തിയ പന്തിനെ ജോ റൂട്ട് പുറത്തായി എന്നായിരുന്നു തലക്കെട്ട്. ജോ റൂട്ടിന്റെ ഫോട്ടോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് പങ്കുവെച്ചത്. ആകര്‍ഷകമായ കളിക്ക് ശേഷം ഇതിലും മികച്ച തലക്കെട്ട് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പന്തിന്റെ ഇന്നിംഗ്സും രണ്ട് ടീമില്‍ നിന്നും വന്ന ക്വാളിറ്റി ക്രിക്കറ്റും മുമ്പില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയാണോ മാച്ച് വിശകലനം എന്നുമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ ടാഗ് ചെയ്ത് ദിനേശ് കാര്‍ത്തിക് കുറിച്ചത്.

ഒന്നാം ഇന്നിംഗ്‌സില്‍ വെറും 89 പന്തില്‍ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ച പന്ത് 111 പന്തില്‍ 146 റണ്‍സെടുത്തിരുന്നു. 19 ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ പ്രകടനം. 6ാം വിക്കറ്റില്‍ 222 റണ്‍സാണ് പന്ത്-ജഡേജ സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

പന്തിന്‍റെയും ജഡേജയുടെയും പ്രകടനകരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 416 റണ്‍സ് അടിച്ചെടുത്തു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ അഞ്ചിന് 84 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനേക്കാള്‍ 332 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. ജോണി ബെയര്‍സ്റ്റോ (12*), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് (0*) എന്നിവരാണ് ക്രീസില്‍.