ധോണി കളിച്ചത് അക്കാര്യം ഒളിപ്പിച്ചു വെച്ച്, അമ്പരന്ന് ക്രിക്കറ്റ് ലോകം

ലോക കപ്പ് സെമിഫൈനലില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി പരിക്കിനെ വകവെയ്ക്കാതെയാണ് കളത്തിലിറങ്ങിയതെന്ന് റിപ്പോര്‍ട്ട്. മത്സരശേഷം ഇരുടീമിലെയും താരങ്ങള്‍ പരസ്പരം കൈ കൊടുത്ത് പിരിഞ്ഞപ്പോള്‍ ധോണി വലതുകൈ ഒഴിവാക്കി ഇടതുകൈ കൊണ്ടാണ് ഷേക്ക് ഹാന്‍ഡ് നല്‍കിയത്. വലതുകൈ പിന്നിലേക്ക് മടക്കി വെച്ച ധോണിയുടെ വീഡിയോ ഏറെ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ധോണി പരിക്ക് മറച്ചു വെച്ചാണ് കളിച്ചതെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇതോടെയാണ് ധോണിയുടെ വിരലിന് പരിക്കേറ്റോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ധോണി റണ്ണൗട്ടായ ലോക്കി ഫെര്‍ഗൂസന്റെ പന്ത് കളിച്ചപ്പോഴും താരം കൈക്ക് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലും വിരലിനേറ്റ പരിക്കോടെയാണ് ധോണി കളിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സെമിയില്‍ ഇന്ത്യ പൊരുതിയാണ് തോറ്റത്. മുന്‍നിര കളി മറന്നപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 92 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ജഡേജയും എം.എസ് ധോണിയും ചേര്‍ന്നാണ് 221 എന്ന സ്‌കോറിലെത്തിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി 49ാം ഓവറില്‍ ധോണി റണ്ണൗട്ടായതോടെ ഇന്ത്യ 18 റണ്‍സിന് തോറ്റു.