ടി20 പൂരത്തിന് ധോണിയില്ല; ക്രിക്കറ്റ് ലോകത്തിന് നിരാശ

ഇന്ത്യയിലെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായന്‍ മഹേന്ദ്ര സിംഗ് ധോണി വിട്ടുനില്‍ക്കും. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ഇതുസംബന്ധിച്ചുളള തീരുമാനം ധോണി കൈമാറി കഴിഞ്ഞു. ഇതോടെ ധോണിയെ വീണ്ടും കളിക്കളത്തില്‍ കാണാമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു.

ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രവര്‍ത്തി ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ധോണി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായി ചക്രവര്‍ത്തി പറയുന്നു.

അതെസമയം ധോണി ടീമിലില്ലെങ്കിലും ടീമംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ പരിശീലക സമയത്ത് ധോണി ട്രെയിനിംഗ് ക്യാമ്പിലെത്തുമെന്ന്് ചക്രവര്‍ത്തി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ജനുവരി 10നാണ് ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിന്റെ ആദ്യ മത്സരം.

ഫെബ്രുരി ഒന്നിന് തുടങ്ങുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പര്യടനത്തില്‍ ധോണി കളിച്ചേക്കും. ഇതിനായി ഏതുനിമിഷവും മുന്‍ ഇന്ത്യന്‍ നായകന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നേയ്ക്കും.

അതെസമയം സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്‌നയും കളിക്കും. പഞ്ചാബിന് വേണ്ടിയാണ് യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും കളത്തിലിറങ്ങുന്നതെങ്കില്‍ ഉത്തര്‍ പ്രദേശിന് വേണ്ടിയാണ് റെയ്‌ന ബാറ്റേന്തുന്നത്.

Read more

ഐപിഎല്ലിന് മുന്നോടിയായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടി20 ടൂര്‍ണമെന്റ് നടക്കുന്നത് എന്നതിനാല്‍ ഈ മത്സരത്തിലെ പ്രകടനം താരങ്ങളുടെ ഭാവി തന്നെ തീരുമാനിക്കും.