ധോണി വിരമിക്കേണ്ടതില്ലായിരുന്നു; ആഞ്ഞടിച്ച് ക്രിക്കറ്റ് ഇതിഹാസം

സെഞ്ചൂറിയന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ദയനീയ പ്രകടനത്തില്‍ പരിതപിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കേണ്ടിയിരുന്നില്ലെന്നാണ് ഗാവാസ്‌ക്കര്‍ പറയുന്നത്.

സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ പാത്ഥീവ് പട്ടേല്‍ നടത്തുന്ന ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ഗവാസക്കറിന്റെ പ്രതികരണം. രണ്ടാം ടെസ്റ്റില്‍ പാത്ഥീവ് നിര്‍ണ്ണായകമായ നിരവധി പിഴവുകളാണ് വരുത്തിയത്.

“ധോണിയ്ക്ക് വേണമെങ്കില്‍ തുടരാമായിരുന്നു. ക്യാപ്റ്റന്‍സിയുടെ ഭാരം വല്ലാതെ അലട്ടിയിരിക്കാം. പക്ഷെ ക്യാപ്റ്റന്‍സി ഒഴിവാക്കി ടീമിലെ വിക്കറ്റ് കീപ്പറായി തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ നന്നായേനെ. ഡ്രെസ്സിംഗ് റൂമില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വിലമതിക്കാനാവത്തതാണ്.” ഗവാസ്‌ക്കര്‍ പറയുന്നു.

ഒന്നാം ടെസ്റ്റില്‍ സാഹയ്ക്ക് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. തുടര്‍ന്നാണ് രണ്ടാം ടെസ്റ്റില്‍ പാര്‍ത്ഥീവിനെ പരീക്ഷിച്ചത്. പാര്‍ത്ഥീവിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ മൂന്നാം ടെസ്റ്റിനുളള ടീം ഇന്ത്യയിലേക്ക് ദിനേഷ് കാര്‍ത്തികിനെ തിരിച്ച് വിളിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിനേഷ് കാര്‍ത്തിക് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്.

നേരത്തെ സഞ്ജു സാംസണിനേയും ടീം ഇന്ത്യയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അനുഭവ സമ്പത്ത് പരിഗണിച്ച് കാര്‍ത്തികിന് തന്നെ നറുക്ക് വീഴുകയായിരുന്നു.