പിടിപ്പുകേടുകളുടെ കണക്ക് നിരത്തി ഗവാസ്‌കര്‍, ടീം ഇന്ത്യയ്ക്ക് ഉത്തരമുണ്ടോ?

ലോക കപ്പ് സെമിഫൈനലില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ടീം മാനേജുമെന്റിന് നേരെ ഉയരുന്നത്. മത്സരം നടക്കുമ്പോള്‍ തന്നെ ധോണിയെ വൈകി ഇറക്കാനുളള തീരുമാനത്തിനെതിരെ സച്ചിനും ഗാംഗുലിയും ലക്ഷ്മണനും എല്ലാം രംഗത്ത് വന്നിരിക്കുന്നു. ഒടുവിലിതാ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറും ഇന്ത്യന്‍ ടീമിനെതിരെ രംഗത്തെത്തി.

“കരുതലോടെ കളിക്കാന്‍ ധോണിയെ നേരത്തേ ഇറക്കണമായിരുന്നു. നാലാം നമ്പറില്‍ കളിച്ച് പരിചയമുള്ള അമ്പാട്ടി റായിഡുവിനെ തഴയാന്‍ പാടില്ലായിരുന്നു. റിസര്‍വ് പട്ടികയില്‍ ഇല്ലാതിരുന്ന, ഒറ്റ ഏകദിനം പോലും കളിക്കാത്ത മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെയും സെലക്ടര്‍മാരുടെ പിടിപ്പുകേടിന് തെളിവാണ്” ഗാവസ്‌കര്‍ കുറ്റപ്പെടുത്തി.

ധോണിയെ ഏഴാം സ്ഥാനത്ത് മാത്രം ഇറക്കിയ ഇന്ത്യയുടെ നടപടിയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നെന്നും ഇത് ഇന്ത്യ തോല്‍ക്കാന്‍ തന്നെ കാരണമായ വലിയ മണ്ടത്തരമായെന്നും മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും നിരീക്ഷിച്ചിരുന്നു.

ധോണി, ഹാര്‍ദ്ദിക്കിനും കാര്‍ത്തിക്കിനും മുമ്പ് ബാറ്റിംഗിനെത്തണമായിരുന്നെന്ന് 2011-ലെ ലോക കപ്പ് ഒര്‍മ്മിപ്പിച്ച് ലക്ഷ്മണ്‍ പറയുന്നു. അന്ന് ഇത് പോലെ നാലാംനമ്പരില്‍ ധോണി ബാറ്റിംഗിനിറങ്ങിയത് ഇന്ത്യയ്ക്ക് ലോക കിരീടമാണ് നേടിത്തന്നതെന്നും ലക്ഷ്മണ്‍ പറയുന്നു. കിവീസിനെതിരെ വന്‍ ടാക്ടിക്കല്‍ ബ്ലണ്ടറാണ് ഇന്ത്യ വരുത്തിയതെന്നും ലക്ഷ്മണ്‍ കുറ്റപ്പെടുത്തി.

കമന്ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും, സച്ചിന്‍ ടെണ്ടുല്‍ക്കറും ധോണിയുടെ ബാറ്റിംഗ് സ്ഥാനത്തിനെതിരെ രംഗത്തു വന്നു. ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങണമായിരുന്നെന്നും, അത് കൂടെ കളിക്കുന്ന ബാറ്റ്സ്മാന്മാര്‍ക്ക് കൂടി ആത്മവിശ്വാസം നല്‍കുമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

ഹാര്‍ദിക്ക് പാണ്ട്യയ്ക്ക് മുമ്പേ ധോണി ക്രീസിലെത്തേണ്ടിയിരുന്നെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്.

മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കം തന്നെ തകര്‍ന്നിരുന്നു. 5 റണ്‍സിന് 3 വിക്കറ്റും, 24 റണ്‍സിന് 4 വിക്കറ്റും നഷ്ടമായിട്ടും ധോണി ക്രീസിലെത്തിയിരുന്നില്ല. ധോണിക്ക് മുന്‍പേ ദിനേഷ് കാര്‍ത്തിക്കിനേയും, ഹാര്‍ദിക് പാണ്ഡ്യയേയുമാണ് ഇന്ത്യ കളിക്കാനിറക്കിയത്.