ധോണി വിരമിക്കുകയാണോ?, പ്രതികരിച്ച് കോഹ്ലി

ലോക കപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ തോറ്റതോടെ വീണ്ടും ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത ചൂട് പിടിക്കുന്നു. മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധോണിയുടെ വിരമിക്കലിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ചോദ്യമുയര്‍ന്നു.

ലോക കപ്പിനുശേഷം ഇന്ത്യ വെസ്റ്റിന്‍ഡീസിലേക്ക് പോവുകയണല്ലോ, ധോണിയുടെ ഭാവി പരിപാടികളെ കുറിച്ച് പല കാര്യങ്ങളും പുറത്തു വരുന്നുണ്ട്. അദ്ദേഹം ഇതേക്കുറിച്ച് താങ്കളോടോ ടീമിനോടോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. ഭാവികാര്യങ്ങളെ കുറിച്ച് ധോണി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കോഹ്ലിയുടെ മറുപടി.

അതെസമയം ന്യൂസിലന്‍ഡിനെതിരെ ധോണിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനത്തിന് പിന്നിലെ രഹാസ്യം വെളിപ്പെടുത്തി കോഹ്ലി. കഴിഞ്ഞ ഏതാനും മത്സരങ്ങളായി ധോണിയെ ഏല്‍പ്പിച്ച റോള്‍ ഫിനിഷറുടേതാണെന്നും അതിനാലാണ് അദ്ദേഹത്തെ ഏഴാം നമ്പറില്‍ ഇറക്കിയതെന്നും കോഹ്ലി പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുമ്പോഴും ധോണി ക്രീസിലെത്താത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും പിന്നിലായി ഏഴാമനായാണ് ധോണി ക്രീസിലെത്തിയത്. ഇത് ഒരു തരത്തില്‍ ഇന്ത്യയ്ക്ക് അനുഗ്രഹമായെങ്കിലും മറ്റൊരു തരത്തില്‍ ഇന്ത്യയ്ക്ക് വിനയാകുകയും ചെയ്തു.

ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ തന്നെ ധോണി ഇറങ്ങിയിരുന്നെങ്കില്‍ യുവതാരങ്ങള്‍ക്ക് ഒരു വശത്ത് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാനാകുമായിരുന്നു. ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച കൂടുതല്‍ ആഴങ്ങളിലേക്ക് പോകാതെ ഇതിലൂടെ പ്രതിരോധിക്കാനും കഴിയുമായിരുന്നു. എന്നാല്‍ ധോണി ഏഴാമനായി ക്രീസിലെത്തിയത് മധ്യനിര വിക്കറ്റ് കളഞ്ഞ് കുളിക്കുന്നതിലേക്ക് ഇടയാക്കി.

Read more

എന്നാല്‍ ജഡേജയുമായി കൂട്ടുകെട്ടുയര്‍ത്താനായത് ഇന്ത്യയ്ക്ക് അനുഗ്രഹമായി. എങ്കിലും മത്സരം ജയിപ്പിക്കേണ്ട അവസരത്തില്‍ ബാറ്റ്‌സ്മാന്‍മാരാരും ഇല്ലാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.