‘ധോണി മഹാഭാരതത്തിനായല്ല ഇംഗ്ലണ്ടിലേക്ക് വന്നത്’ ക്രിക്കറ്റ് ലോകം രണ്ടു തട്ടില്‍

ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഗ്ലൗസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നവുമായി ഇറങ്ങിയ ധോണിയുടെ നടപടി വിവാദമാകുന്നു. ഒരു വിഭാഗം ഇന്ത്യന്‍ ആരാധകര്‍ ധോണിയെ പ്രശംസ കൊണ്ട് മൂടുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകം രൂക്ഷവിമര്‍ശനമാണ് ധോണിയ്‌ക്കെതിരെ ഉന്നയിക്കുന്നത്.

വിഷയത്തില്‍ ധോണിയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ലോക കപ്പ് കളിക്കാനാണ് ധോണി ഇംഗ്ലണ്ടിലേക്ക് പോയത്, അല്ലാതെ മഹാഭാരതത്തിന് വേണ്ടിയല്ലെന്നാണ് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക കാര്യ മന്ത്രി ഫവാദ് ചൗധരി പ്രതികരിച്ചത്. ധോണിയുടെ പ്രവൃത്തിയെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെയും ഫവാദ് ചൗധരി വിമര്‍ശിക്കുന്നു. യുദ്ധത്തോടാണ് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യം. അവരെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേയ്ക്കോ അയക്കണം എന്നും ഫവാദ് പറഞ്ഞു.

അതെസമയം ധോണിയെ ന്യായീകരിച്ച് ബിസിസിഐ ഇടക്കാല ഭരണസമിതി രംഗത്തെത്തി. ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് ധോണി നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് പിടിഐയോട് പറഞ്ഞു.

ധോണിക്ക് കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്ജ് ധരിച്ചിറങ്ങാനുള്ള ഐസിസിയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഐസിസി നിയമമനുസരിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ക്ക് മതപരമായതോ, സൈന്യവുമായോ, പരസ്യങ്ങളുമായോ ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ജേഴ്‌സിയിലോ ബാറ്റിലോ ഗ്ലൗസിലോ ഉപയോഗിക്കാനാവില്ല. ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജിന്റെ കാര്യത്തില്‍ മതപരവും, പരസ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ധോണിയുടെ ഗ്ലൗസിലുള്ളത് പാരാമിലിട്ടറി റെജിമെന്റിന്റെ ചിഹ്നവുമല്ല. അതുകൊണ്ടുതന്നെ ഇത് ധരിച്ചിറങ്ങാന്‍ അനുമതി നല്‍കുന്നതില്‍ യാതൊരു തടസവുമില്ലെന്നും വിനോദ് റായ് വ്യക്തമാക്കി.

അതിനിടെ അടുത്ത മത്സരത്തില്‍ ആര്‍മി ചിഹ്നം ധരിക്കുന്നത് ധോണി ഒഴിവാക്കണമെന്ന് ഐസിസി ബിസിസിഐയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഐസിസിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോക കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ് ധോണി പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ബാഡ്ജ് പതിച്ച ഗ്ലൗസുമായായി കളത്തിലറങ്ങിയത്. ഇന്ത്യന്‍ സൈന്യത്തോടുളള ആദരസൂചകമായിട്ടായിരുന്നു ധോണി പ്രത്യേക ഗ്ലൗസ് അണിഞ്ഞത്.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയ, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്ക് വിലക്കുണ്ട്. ഇതാണ് ധോണി ലംഘിച്ചത്. ഇതോടെയാണ് താക്കീതുമായി ഐസിസി രംഗത്തെത്തിയത്.