ധോണി തെറിക്കുന്നു; വന്‍ മാറ്റത്തിന് കളമൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ നിരയില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടേയ്ക്കുമെന്ന് സൂചന. കളിക്കാരുമായി ബിസിസിഐ ഉണ്ടാക്കുന്ന കരാറില്‍ ആദ്യ ഗ്രേഡില്‍ നിന്നും ധോണിയെ ഒഴിവാക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. ഇന്ത്യ ടുഡെ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് താരങ്ങള്‍ക്ക് പുതിയ ഗ്രേഡ് നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നത്. സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. കളിക്കാരുടെ പ്രതിഫലം അടക്കം പുതുക്കി നിശ്ചയിക്കാനും ഈ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

മൂന്ന് ഫോര്‍മാറ്റിനും കളിക്കുന്ന ഏറ്റവും മികച്ച താരങ്ങള്‍ക്കാണ് എ പ്ലസ് ക്യാറ്റഗറി നല്‍കുക. 2014ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ച മഹേന്ദ്ര സിംഗ് ധോണി എ പ്ലസ് ക്യാറ്റഗറിയില്‍ നിന്നും പുറത്താകും. ഇതോടെ സ്വഭാവികമായും ധോണി രണ്ടാം നിര താരങ്ങളുടെ നിരയിലേക്ക് താഴുകയും എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യേണ്ടിവരും.

ഇന്ത്യന്‍ സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുതിയ കരാര്‍ വ്യവസ്ഥ തിരിച്ചടിയായേക്കും എന്ന സൂചനയുമുണ്ട്. ഏകദിന ടീമില്‍ നിന്നും പുറത്തായ ഇരുവരും ധോണിയെ പോലെ തന്നെ ഒരു ഗ്രേഡ് പിന്നോട്ട് തള്ളപ്പെട്ടേയ്ക്കും.

വിനോദ് റായ് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നേരത്തെ ധോണിയ്ക്ക് മുന്‍ നിര കരാര്‍ നല്‍കുന്നതിനിടെ ഹര്‍ഭജന്‍ സിംഗ് അടക്കമുളള താരങ്ങള്‍ രംഗത്ത് വന്നിരുന്നു.