ധോണി വന്നത് വെറുതെയല്ല; കോഹ്ലിയും ശാസ്ത്രിയും അനുസരിക്കേണ്ടിവരും

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ മാര്‍ഗനിര്‍ദേശകനായി മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ സെലക്ഷന്‍ കമ്മിറ്റി നിയോഗിച്ചത് വ്യക്തമായ പദ്ധതികളോടെ. ഐസിസി കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ ധോണിയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കുമെന്ന ബിസിസിഐയുടെ വിലയിരുത്തലാണ് അപ്രതീക്ഷിതമായ നിയമനത്തിന് പിന്നില്‍.

വിരാട് കോഹ്ലിയുടെ നായകത്വവും രവി ശാസ്ത്രിയുടെ പരിശീലനവും ഒത്തുചേര്‍ന്നശേഷം ഇന്ത്യക്ക് ഐസിസി ട്രോഫി അന്യമാണ്. 2017 ചാമ്പ്യന്‍സ് ട്രോഫിയിലും 2019 ലോക കപ്പിലും ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കോഹ്ലിയിലെ നായകന് പരാജയം രുചിക്കേണ്ടിവന്നു. തന്ത്രങ്ങളിലെ പാളിച്ചകളാണ് ഇന്ത്യക്ക് കിരീടം അന്യമാക്കുന്നതെന്ന് വിമര്‍ശനം ശക്തമാണ്. നോക്കൗട്ടുകളില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നെന്ന ആരോപണത്തെയും ഇന്ത്യന്‍ ടീം അഭിമുഖീകരിക്കുന്നു. ഈ കുറവ് പരിഹരിക്കുകയാണ് ധോണിയെ ഉപദേശകനാക്കിയതിലൂടെ ബിസിസിഐ ഉന്നമിടുന്നത്.

ഏകദിന, ട്വന്റി20 ലോക കപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം ജയിച്ച ധോണിയുടെ കരിയര്‍ ഐസിസി കിരീടങ്ങളാല്‍ സമ്പന്നമാണ്. തന്ത്രശാലിയും സമ്മര്‍ദ്ദവേളകളെ അനായാസം കൈകാര്യം ചെയ്യുന്നയാളുമായ ധോണി, കോഹ്ലിക്കും ശാസ്ത്രിക്കും നല്ല തുണയാകുമെന്ന് സെലക്ടര്‍മാര്‍ കണക്കുകൂട്ടുന്നു. ക്രിക്കറ്റിലെ വലിയ വിജയങ്ങളുടെ തോഴനായിരുന്ന ധോണി മാര്‍ഗനിര്‍ദേശകനായി ഒപ്പമുള്ളത് താരങ്ങളുടെ ആത്മവിശ്വാസവും കഠിനമായ മത്സരനിമിഷങ്ങളെ മറികടക്കാനുള്ള ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു.

Read more

നിലവില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കോഹ്ലിയും ശാസ്ത്രിയുമാണ് അവസാന വാക്കുകള്‍. എന്നാല്‍ ധോണിയുടെ വരവോടെ പഴയ തന്ത്രങ്ങളില്‍ ഇരുവര്‍ക്കും മാറ്റംവരുത്തേണ്ടിവരും. ധോണിയുടെ വാക്കുകളെ തള്ളിക്കളയാന്‍ ക്യാപ്റ്റനും കോച്ചിനുമാകില്ല. പ്രത്യേകിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ പ്രത്യേക താല്‍പര്യപ്രകാരം ധോണി മാര്‍ഗനിര്‍ദേശക സ്ഥാനത്തെത്തിയ സാഹചര്യത്തില്‍.