ഇംഗ്ലണ്ടിന്റെ വിജയങ്ങള്‍ക്ക് ധോണിയുടെ ഒരുകൈ സഹായം; മോര്‍ഗന് കാട്ടിക്കൊടുത്തത് പുതുവഴി

ടി20 ക്രിക്കറ്റ് ലോക കപ്പില്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുടെ മികച്ച ഫോമിന് ഇംഗ്ലണ്ട് നന്ദി പറയേണ്ടത് ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനും ഇന്ത്യന്‍ ടീമിന്റെ മെന്ററുമായ എം.എസ് ധോണിക്ക്. ട്വന്റി20യില്‍ ഇംഗ്ലണ്ട് മൊയീന്‍ അലിയെ തഴഞ്ഞപ്പോള്‍ ധോണി താരത്തിന് ഏറെ അവസരങ്ങള്‍ നല്‍കിയിരുന്നു. ഈ പാതയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും സ്വീകരിക്കുന്നത്.

മൊയീന്‍ അലിയിലെ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ഓള്‍ റൗണ്ടറെ പരിപോഷിപ്പിച്ചത് ധോണിയാണ്. ഏഴ് കോടി രൂപ മുടക്കി ടീമിലെത്തിച്ച അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വേണ്ടവിധം ഉപയോഗപ്പെടുത്തി. പവര്‍ പ്ലേയില്‍ അലിയുടെ സ്പിന്‍ ബോളിംഗിനെ കാര്യക്ഷമമായി പരീക്ഷിച്ച ചെന്നൈ ബാറ്റിംഗ് ഓര്‍ഡറിലും താരത്തിന് സ്ഥാനക്കയറ്റം നല്‍കി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കോടികള്‍ വാരിയെറിഞ്ഞ് ടീമിലെത്തിച്ച അലിയെ ഇംഗ്ലണ്ട് കാര്യമായെടുത്തിരുന്നില്ല. മാര്‍ച്ചില്‍ ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും അലിയെ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് തയ്യാറായില്ല. എന്നാല്‍ മൊയീന്റെ കഴിവുകളെ സൂപ്പര്‍ കിംഗ്‌സ് പ്രയോജനപ്പെടുത്തുന്നത് കണ്ട് ഇംഗ്ലണ്ടിനും ചുവടുമാറ്റേണ്ടി വന്നു.

ലോക കപ്പില്‍ വെസ്റ്റിന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ മത്സരങ്ങളില്‍ പവര്‍ പ്ലേയില്‍ അലിയെ പന്തേല്‍പ്പിക്കാന്‍ ഇംഗ്ലണ്ട് പ്രേരിതരായി. നാലു വിക്കറ്റുമായി അലി ക്യാപ്റ്റന്‍ മോര്‍ഗന്റെ വിശ്വാസം കാക്കുകയും ചെയ്തു. യുഎഇയിലെ അനുകൂല സാഹചര്യങ്ങളില്‍ കൃത്യമായ ലൈനും ലെങ്തും നിലനിര്‍ത്തിയാണ് ബാറ്റര്‍മാരെ മൊയീന്‍ അലി വലയ്ക്കുന്നത്. വെസ്റ്റിന്‍ഡീസുമായുള്ള കളിയില്‍ നാലാം നമ്പറില്‍ അലിയെ ഇറക്കാനും ഇംഗ്ലണ്ട് തയ്യാറായി. ട്വന്റി20 ലോക കപ്പില്‍ ഇംഗ്ലണ്ടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന താരമെന്ന നിലയിലേക്ക് മൊയീന്‍ അലി മാറുമെന്നതില്‍ സംശയമില്ല.