സെലക്ടര്‍മാര്‍ക്ക് ധവാന്റെ മറുപടി; ഇനിയും അങ്കത്തിന് ബാല്യമുണ്ടെന്ന് പ്രഖ്യാപനം

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ സെലക്ടര്‍മാര്‍ക്ക് മറുപടിയായി ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ചെറു വെടിക്കെട്ട്. സണ്‍റൈസേഴ്‌സിനെതിരായ ചേസിംഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മികച്ച തുടക്കം നല്‍കിയ ധവാന്‍ ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പൃഥ്വി ഷായ്‌ക്കൊപ്പം ഡല്‍ഹിക്കായി ഓപ്പണ്‍ ചെയ്ത ധവാന്‍ തുടക്കം മുതല്‍ പതര്‍ച്ചയൊന്നുമില്ലാതെയാണ് ബാറ്റ് ചെയ്തത്. ഭുവനേശ്വര്‍ കുമാറിനെ ഇരട്ട ബൗണ്ടറികള്‍ക്ക് ശിക്ഷിച്ചു തുടങ്ങിയ ധവാന്‍ ഓഫ് സൈഡിലും ലെഗ് സൈഡിലും ആധികാരികതയോടെ ഷോട്ടുകള്‍ തൊടുത്തു. ജാസണ്‍ ഹോള്‍ഡറും സന്ദീപ് ശര്‍മ്മയും ഇടയ്ക്ക് ധവാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

റാഷിദ് ഖാന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ച് ഡീപ് മിഡ്‌വിക്കറ്റില്‍ അബ്ദുള്‍ സമദിന് പിടികൊടുക്കുമ്പോള്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സ് ശിഖറിന്റെ അക്കൗണ്ടിലെത്തിയതിരുന്നു. എങ്കിലും അര്‍ഹിച്ച അര്‍ദ്ധ ശതകം നഷ്ടമായതിന്റെ നിരാശയോടെയാണ് ധവാന്‍ ഡഗ് ഔട്ടിലേക്ക് മടങ്ങിയത്.