സൂപ്പര്‍ താരം പുറത്ത്; ബാഴ്‌സക്ക് വന്‍ തിരിച്ചടി

പൊന്നും വിലയ്ക്ക് ബൊറൂസിയ്യ ഡോട്ട്മുണ്ടില്‍ നിന്നും ബാഴ്‌സലോണ സ്വന്തമാക്കിയ ഫ്രഞ്ച് സൂപ്പര്‍ താരം ഒസ്മാന്‍ ഡെംബലെക്ക് വീണ്ടും പരിക്ക്. പിന്‍ തുടഞരമ്പിനേറ്റ പരിക്കു മൂലം താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണു സൂചനകള്‍. ഇതോടെ ചെല്‍സിയുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം താരത്തിനു നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ സമ്മറില്‍ നെയ്മര്‍ ടീം വിട്ടപ്പോഴായിരുന്നു ബാഴ്‌സ ഡെംബലയെ ടീമിലെത്തിച്ചത്. മികച്ച യുവതാരത്തിനുള്ള ഫിഫ പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ഡെംബലയെ അതു വരെയുള്ള ബാഴ്‌സയുടെ ട്രാസ്ഫര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത തുകക്കാണ് ക്ലബ് സ്വന്തമാക്കിയത്. എന്നാല്‍ ബാഴ്‌സക്കു വേണ്ടി ഈ സീസണില്‍ പരിക്കു മൂലം കുറച്ചു മത്സരങ്ങള്‍ മാത്രമേ ഡെംബലെക്ക് കളിക്കാനായിട്ടുള്ളു.

ബാഴ്‌സയില്‍ എത്തിയതിനു ശേഷം മൂന്നാം മത്സരത്തില്‍ തന്നെ പരിക്കേറ്റതു മൂലം സീസണിന്റെ പകുതിയും ഡെംബലെക്ക് നഷ്ടമായിരുന്നു. അതു കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ ഡെംബലെ ഇറങ്ങിയ നാലാമത്തെ മത്സരത്തില്‍ തന്നെ പരിക്കു പറ്റി പുറത്തായത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയിട്ടുണ്ട്. പകരക്കാരനായി റയല്‍ സോസിഡാഡിനെതിരെയുള്ള മത്സരത്തില്‍ കളിച്ചതിനു ശേഷമാണ് ഡെംബലെക്കു പരിക്കു പറ്റിയത്.

Read more

വന്‍ പ്രതീക്ഷകളോടെ ടീമിലെത്തിയ താരത്തിനു അടിക്കടി പരിക്കു പറ്റുന്നത് ബാഴ്‌സക്ക് തിരിച്ചടിയാണ്. ബ്രസീലിയന്‍ താരമായ കുട്ടീന്യോ ടീമിലുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് താരത്തെ ഉപയോഗപ്പെടുത്താനാവില്ല. ഡെീബലെ ഇല്ലാത്തപ്പോഴും മികച്ച ഫോമില്‍ തന്നെയായിരുന്നു ബാഴ്‌സ കളിച്ചിരുന്നത് എന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്ന ഒരേയൊരു കാര്യം.