ആടിത്തിമിര്‍ക്കാതെ ഡല്‍ഹി; അടക്കിനിര്‍ത്തി റോയല്‍സ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മാന്യമായ സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിന് ക്ഷണിക്കപ്പെട്ട ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 154/6 എന്ന ലക്ഷ്യം റോയല്‍സിന് മുന്നില്‍വച്ചു.

ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായ ഡല്‍ഹിക്ക് കളിയുടെ ചില ഘട്ടങ്ങളില്‍ മുന്‍തൂക്കം ലഭിച്ചെങ്കിലും പൂര്‍ണമായും മുതലെടുക്കാന്‍ സാധിച്ചില്ല. ശിഖര്‍ ധവാന്‍ (8), പൃഥ്വി ഷാ (10) എന്നിവര്‍ അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങിയപ്പോള്‍ ക്യാപ്പിറ്റല്‍സ് ഞെട്ടിയാണ് തുടങ്ങിയത്. ധവാനെ കാര്‍ത്തിക് ത്യാഗിയും പൃഥ്വിയെ ചേതന്‍ സകാരിയയും ഡഗ് ഔട്ടിലെത്തിച്ചു. എന്നാല്‍ മധ്യനിരയില്‍ ശ്രയേസ് അയ്യര്‍ (43) താളംകണ്ടെത്തിയത് ഡല്‍ഹിക്ക് ഗുണം ചെയ്തു. ഋഷഭ് പന്ത് (24) ക്രീസില്‍ നിലയുറപ്പിച്ചെങ്കിലും പതിവു ആക്രമണോത്സുകത കാട്ടിയില്ല. പന്തിനെ പേസര്‍ മുസ്താഫിസുര്‍ റഹ്‌മാന്‍ ബൗള്‍ഡാക്കി. ഒരു ഫോറും രണ്ട് സിക്‌സും പറത്തിയ ശ്രേയസ്, രാഹുല്‍ തെവാതിയയെ വണങ്ങിയതോടെ ഡല്‍ഹിയുടെ നില പരുങ്ങലിലായി.

Read more

പക്ഷേ, ഷിമ്രോണ്‍ ഹെറ്റ്മയര്‍ 16 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 28 റണ്‍സ് വാരി ഡല്‍ഹി സ്‌കോറിന് നേരിയ കുതിപ്പുനല്‍കി. ഹെറ്റ്മയറുടെ വിക്കറ്റും മുസ്താഫിസുര്‍ സ്വന്തമാക്കി. അക്‌സര്‍ പട്ടേല്‍ (12), ലളിത് യാദവ് (14 നോട്ടൗട്ട്), ആര്‍. അശ്വിന്‍ (6 നോട്ടൗട്ട്) എന്നിവര്‍ ഡല്‍ഹിയുടെ മറ്റു സ്‌കോറര്‍മാര്‍. റോയല്‍സിനായി മുസ്താഫിസുറും ചേതന്‍ സകാരിയയും രണ്ട് വിക്കറ്റ് വീതം പിഴുതു.