രഹാന ഇനി പുതിയ ടീമിലേക്ക്, ഗാംഗുലിയുടെ നിര്‍ണ്ണായക നീക്കം

ഐപിഎല്‍ പുതിയ സീസണില്‍ ഇന്ത്യന്‍ താരം അജയ്ക്യ രഹാനയെ സ്വന്തമാക്കാനൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിനായി രഹാനയുടെ ഇപ്പോഴത്തെ ടീമായ രാജസ്ഥാന്‍ റോയല്‍സമായി ഡല്‍ഹി ടീം ചര്‍ച്ചകള്‍ ആരംഭിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സ് മെന്ററായ സൗരവ് ഗാംഗുലിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് രഹാനയെ സ്വന്തമാക്കാന്‍ ഡല്‍ഹി ഒരുങ്ങുന്നത്. രഹാനയെ എന്നും പിന്തുണയ്ക്കുന്ന താരമാണ് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ ഉപദേശങ്ങള്‍ രഹാനയ്ക്ക് ടീം ഇന്ത്യയിലേക്കുളള തിരിച്ചുവരവ് എളുപ്പമാക്കുമെന്നാണ് കരുതുന്നത്.

രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്ന രഹാനയുടെ അവസാന രണ്ട് സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അവസാന സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് രഹാനയെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് സെഞ്ച്വറി നേടി രഹാന തന്റെ ബാറ്റിംഗ് പ്രതിഭ തെളിയ്ക്കുകയും ചെയ്തിരുന്നു.

ഏറെ നാളായി ദേശീയ ടീമിലും ഇടം കണ്ടെത്താനാവാത്ത രഹാനയെ കൈമാറാന്‍ രാജസ്ഥാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.അങ്ങനെ സംഭവിച്ചാല്‍ അടുത്ത സീസണില്‍ ഡല്‍ഹിക്കൊപ്പം രഹാനയുണ്ടാകും. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങി മികച്ച യുവനിരയാണ് ഡല്‍ഹിയിലുള്ളത്. അവസാന സീസണില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന് മാറ്റിയാണ് അവസാന സീസണില്‍ ഡല്‍ഹി കളിച്ചത്.

140 ഐപിഎല്‍ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് രഹാന. 32.93 ശരാശരിയില്‍ 3820 റണ്‍സ് നേടിയിട്ടുള്ള രഹാനയുടെ പേരില്‍ രണ്ട് സെഞ്ച്വറികളും 27 അര്‍ദ്ധസെഞ്ച്വറികളുമുണ്ട്. നേരത്തെ മുംബൈ ഇന്ത്യന്‍സ്, റൈസിംഗ് പുനെ സൂപ്പര്‍ ജെയ്ന്റ്സ് എന്നിവര്‍ക്കൊപ്പവും ഐപിഎല്‍ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി രഹാന ഇന്ത്യക്കായി ഏകദിനം കളിച്ചത്. 2016-ന് ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ ടി20 കളിച്ചിട്ടേയില്ല.