ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാകണം?; തിരഞ്ഞെടുപ്പുമായി ദീപക് ചഹാര്‍

ജൂലൈയില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ ആരു നയിക്കുമെന്നത് ഈ സമയത്ത് ഒരു പ്രധാന ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ പേസര്‍ ദീപക് ചഹാര്‍. സീനിയര്‍ താരം ശിഖര്‍ ധവാനെ നായകനാക്കണമെന്നാണ് ദീപക് ചഹാര്‍ പറയുന്നത്.

“ശിഖാര്‍ ഭായ് ക്യാപ്റ്റനാകാന്‍ മികച്ച ചോയിസാണ്. ഒരുപാട് കാലങ്ങളായി അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു, അതിന്റെ എക്‌സ്പീരിയന്‍സ് അദ്ദേഹത്തിനുണ്ട്. എന്നെ സംബന്ധിച്ച് മുതിര്‍ന്ന താരമാണ് ക്യാപ്റ്റനാകേണ്ടത്. കാരണം കളിക്കാര്‍ അവരെ മുതിര്‍ന്നവരായി കാണുകയും ബഹുമാനിക്കുകയും സത്യസന്ധമായി അനുസരിക്കുകയും ചെയ്യും. കളിക്കാര്‍ ക്യാപ്റ്റനെ ബഹുമാനിക്കണം, അതുകൊണ്ട് ധവാന്‍ തന്നെയാണ് ക്യാപ്റ്റനാകാന്‍ യോഗ്യന്‍ ” ദീപക് ചഹാര്‍ പറഞ്ഞു.

Deepak Chahar impressed with possible second string India team for SL -  Sports News

ശിഖര്‍ ധവാന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാളാവും പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചന. സീനിയോരിറ്റി വെച്ച് ധവാനാണ് സാധ്യത കൂടുതല്‍. ശ്രേയസ് അയ്യര്‍ പരിക്കേറ്റ്  വിശ്രമത്തിലല്ലായിരുന്നെങ്കില്‍ നായക ഉത്തരവാദിത്വം താരത്തിലേക്ക് എത്തിയേനെ.

മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് ടി20 മത്സരങ്ങളുമാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചയ്യ്ക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 22 ന് ആരംഭിക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തിലാവും നടക്കുക.