മഹാന്മാരായ കളിക്കാരും ഒന്നുരണ്ടു തവണ തോല്‍ക്കട്ടെ ; ഈ സൂപ്പര്‍താരങ്ങള്‍ക്ക് ഡേവിഡ് വാര്‍ണറിന്റെ പിന്തുണ

ക്രിക്കറ്റില്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രണ്ടു സൂപ്പര്‍താരങ്ങളെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മഹാന്മാരായ താരങ്ങളേയും ഒന്നോ രണ്ടോ തവണ പരാജയപ്പെടാന്‍ അനുവദിക്കണമെന്നും അവര്‍ നല്ലരീതിയില്‍ വീണ്ടും തിരിച്ചുവരുമെന്നും പറഞ്ഞു. ഇന്ത്യന്‍ ടെസ്റ്റ്‌നായകന്‍ വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഉദ്ദേശിച്ചായിരുന്നു ഡേവിഡ് വാര്‍ണറുടെ പ്രതികരണം.

അര സെഞ്ച്വറികളും സെഞ്ച്വറികളും കണ്ടെത്താന്‍ പാടുപെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ നിലവിലെ സാഹചര്യം താരത്തെ ഏറെ സമ്മര്‍ദ്ദപ്പെടുത്തുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയന്‍ താരം കോഹ്ലിയെ പ്രശംസ കൊണ്ടു മൂടുകയാണ്. കോഹ്ലിയുടെ ഇപ്പോഴത്തെ സാഹചര്യം തങ്ങള്‍ക്ക് മനസ്സിലാകുന്നതാണ്.

ദീര്‍ഘനാളായി ബബിളിലാണ് താരം കഴിയുന്നത്. അടുത്ത കാലത്താണ അദ്ദേഹം പിതാവായത്. മകളെയും ഭാര്യയെയും കാണാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാകണം. ഏറ്റവും മികച്ചവര്‍ക്കും ദുരിത സാഹചര്യത്തില്‍ പിന്തുണ ആവശ്യമുണ്ട്. ഡേവിഡ് വാര്‍ണര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ മത്സരം പുറംവേദനയെ തുടര്‍ന്ന് കോഹ്ലി കളിച്ചിരുന്നില്ല് 99 ാമത്തെ ടെസ്റ്റു മത്സരമായ കേപ്ടൗണിലെ മത്സരത്തില്‍ കോഹ്ലി തിരിച്ചുവരുമെന്നാണ് കരുതുന്നത്.

2019 നവംബറിന് ശേഷം വിരാട് കോഹ്ലി ഒരു ശതകം ഇതുവരെ കണ്ടെത്തിയിട്ടില്ല. ട്വന്റി20, ഏകദിനം, ടെസ്റ്റ് എന്നിവയിലെല്ലാം അര്‍ദ്ധശതകം പൂര്‍ണ്ണശതകമാക്കി മാറ്റാന്‍ കോഹ്ലിയ്ക്ക് കഴിയാത്ത സ്ഥിതിയുണ്ട്. 2019 ല്‍ ബംഗ്‌ളാദേശിനെതിരേയായിരുന്നു കരിയറിലെ 71 ാം അന്താരാഷ്ട്ര സെഞ്ച്വറി കോഹ്ലി നേടിയത്.