'കുട്ടികള്‍ക്കു പോലും ഇക്കാര്യം അറിയാം, പക്ഷെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു മാത്രം അറിയില്ല'

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഷക്കീബ് അല്‍ ഹസന്റെ ബോളിംഗിന് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍താരം ഡാനിഷ് കനേരിയ. ഐപിഎല്ലില്‍ ഒരുപാട് വര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ ബോളിംഗ് രീതി ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിസ്മരിച്ചത് മനസിലാകുന്നില്ലെന്ന് കനേരിയ പറഞ്ഞു.

ഷക്കീബ് അല്‍ ഹസന്‍ ഈ മല്‍സരത്തില്‍ വളരെ മികച്ച ബോളിംഗായിരുന്നു കാഴ്ചവച്ചത്. പക്ഷെ ഐപിഎല്ലില്‍ ഒരുപാട് വര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. എന്നിട്ടും എങ്ങനെയായിരിക്കും ഷാക്കീബിന്റെ ബോളിംഗെന്നു എന്തുകൊണ്ടാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു അറിയാതെ പോയത്?

പിച്ച് ചെയ്ത ശേഷം എല്ലായ്പ്പോഴും അകത്തേക്കു വരുന്നതാണ് ഷാക്കീബിന്റെ ബോള്‍. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. കുട്ടികള്‍ക്കു പോലും ഇക്കാര്യമറിയാം. പക്ഷെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു മാത്രം അറിയില്ല.

പണവും, പവറും ഇന്ത്യക്കു ഉണ്ടെന്നതില്‍ ഒരു സംശയവുമില്ല. പക്ഷെ അവരുടെ ക്രിക്കറ്റ് തളര്‍ച്ചയിലാണ്. അതു വളരെ വ്യക്തവുമാണ്. ഓസ്ട്രേലിയയിലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള മാച്ചില്‍ ലിറ്റണ്‍ ദാസിന്റെ ഭീഷണിയെ മഴയെത്തിയതു കൊണ്ടു മാത്രമാണ് ഇന്ത്യ അതിജീവിച്ചത്. എന്നാല്‍ ഇത്തവണ ബംഗ്ലാദേശ് ഇതിനു പകരം ചോദിച്ചിരിക്കുകയാണ് – ഡാനിഷ് കനേരിയ പറഞ്ഞു.

ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷക്കീബ് അല്‍ ഹസനാണ് ഇന്ത്യയുടെ അന്തകനായത്. 10 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഷക്കീബ് അല്‍ ഹസന്റെ അഞ്ച് വിക്കറ്റ് പ്രകടനം.