റായിഡുവിന് സംഭവിച്ചത് സഞ്ജുവിനും സംഭവിക്കാന്‍ പോകുന്നു; മുന്നറിയിപ്പുമായി പാക് താരം

കഴിവുണ്ടായിട്ടും ക്രിക്കറ്റില്‍ മതിയായ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിരമിച്ച അമ്പാട്ടി റായുഡുവിന്റെ അവസ്ഥ സഞ്ജു സാംസണിനും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. സഞ്ജുവും റായുഡുവിനെ പോലെ ഇങ്ങനൊരു കടുംകൈ ചെയ്യുകയാണെങ്കില്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയുമായിരിക്കും അതിന് ഉത്തരവാദികളെന്നും കനേരിയ കുറ്റപ്പെടുത്തി.

ഒരു കളിക്കാരന് എത്രത്തോളം സഹിക്കാന്‍ കഴിയും? അവന്‍ ഇതിനകം ഒരുപാട് സഹിക്കുകയും അവസരം കിട്ടുന്നിടത്തെല്ലാം സ്‌കോര്‍ ചെയ്യുകയും ചെയ്തു. ടീമിലെ സെലക്ഷന്റെയും നോണ്‍ സെലക്ഷന്റെയും പീഡനങ്ങള്‍ നേരിടുന്നതിനാല്‍ നമുക്ക് ഒരു നല്ല കളിക്കാരനെ നഷ്ടപ്പെട്ടേക്കാം. എക്‌സ്ട്രാ കവറില്‍, കവറില്‍, പ്രത്യേകിച്ച് പുള്‍ ഷോട്ടുകളില്‍ അവന്റെ സ്‌ട്രോക്കുകള്‍ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.

അമ്പാട്ടി റായുഡുവിന്റെയും അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചത് സമാനമായിട്ടാണ്. ഒരുപാട് റണ്‍സ് നേടിയിട്ടും റായുഡുവും കടുത്ത അവഗണന നേരിട്ടു. ബിസിസിഐയിലെയും സെലക്ഷന്‍ കമ്മിറ്റിയിലെയും ആഭ്യന്തര രാഷ്ട്രീയമാണ് ഇതിനു കാരണം. കളിക്കാര്‍ക്കിടയില്‍ ഇഷ്ടമുള്ളവരെന്നും ഇല്ലാത്തവരെന്നുമുള്ള വേര്‍തിരിവുണ്ടോ- കനേരിയ ചോദിച്ചു.

Read more

ബാറ്റിംഗില്‍ കുറച്ചു കാലമായി മോശം ഫോമില്‍ തുടര്‍ന്നിട്ടും റിഷഭ് പന്തിനെ തന്നെയാണ് സഞ്ജുവിനെ തഴഞ്ഞ് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇതുവരെ നടന്ന നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ സഞ്ജുവിന് ഇന്ത്യ അവസരം നല്‍കിയുള്ളു. ആ മത്സരത്തില്‍ 36 റണ്‍സ് നേടി താരം മികച്ചു നില്‍ക്കുകയും ചെയ്തു.