'എന്നെ ഇന്ത്യയുടെ ബോളിംഗ് പരിശീലകനാക്കൂ'; ആഗ്രഹം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ടി20 ലോക കപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് വമ്പനൊരു അഴിച്ചുപണിയ്ക്ക് വേദിയാവാനൊരുങ്ങുകയാണ്. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി തുടങ്ങി ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് പരിശീലകനെയടക്കം മാറ്റി വലിയൊരു അഴിച്ചുപണിയാണ് ഇന്ത്യ നടത്താന്‍ പോകുന്നത്. അങ്ങനെയിരിക്കെ ഇപ്പോഴിതാ ഇന്ത്യയുടെ ബോളിംഗ് പരിശീലകനാവാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടി നല്‍കിയാണ് സ്റ്റെയിന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. എംഎസ് ധോണിയുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്താവും അദ്ദേഹത്തോട് നിങ്ങള്‍ പറയുകയെന്നാണ് ക്രിക് ഇന്‍ഫോയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ചോദ്യം. എന്നെ ബോളിംഗ് പരിശീലകനാക്കൂ എന്നാണ് സ്റ്റെയ്ന്‍ ഈ ചോദ്യത്തിന് മറുപടി കുറിച്ചത്.

Dale Steyn comment

പതിനേഴ് വര്‍ഷം നീണ്ട കരിയറിന് കഴിഞ്ഞ ആഗസ്റ്റിലാണ് താരം വിരാമമിട്ടത്. ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ് പ്രതിഭകളെ വിറപ്പിച്ച പേസറായിരുന്നു സ്റ്റെയ്ന്‍. ഒരുകാലത്ത് ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് ആക്രമണത്തെ മുന്നില്‍ നിന്ന് നയിച്ചതും സ്റ്റെയ്ന്‍ തന്നെ.

Read more

93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റുകളാണ് സ്റ്റെയ്‌നിന്റെ സമ്പാദ്യം. 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റുകളും സ്റ്റെയ്ന്‍ പോക്കറ്റിലാക്കി. 47 ടി20 മത്സരങ്ങള്‍ കളിച്ച സ്റ്റെയ്ന്‍ 64 വിക്കറ്റുകളും സ്വന്തം പേരിലെഴുതിയിരുന്നു.